ഡോ. ഷിനു ശ്യാമളന്റെ ആരോപണങ്ങളെ തള്ളി തൃശ്ശൂര്‍ ഡി.എം.ഒ. ഷിനു പറഞ്ഞ ആള്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ ഉള്ളയാളായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ ഷിനു ശ്യാമളന്‍ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് പ്രതികരിച്ചു.
കോവിഡ് 19 ലക്ഷണമുള്ള രോഗി ചികിത്സയ്ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ നടപടി കൈക്കൊണ്ടില്ലെന്ന് ഡോ. ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഖത്തറില്‍ നിന്നെത്തിയ ആള്‍ കടുത്ത പനിയോടെയാണ് ക്ലിനിക്കിലെത്തിയത്. വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രോഗി അത് ചെവികൊണ്ടില്ല. പിന്നീട് വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചു.
എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെയും ചാനലിലൂടേയും വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്ക് ഉടമ ഷിനു ശ്യാമളനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. തൃശ്ശൂര്‍ തളിക്കുളത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍നിന്നാണ് ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടത്. ഇതിനു പിന്നാലെയാണ് ആരോഗ്യവകുപ്പിന്റേയും നടപടി.
എന്നാല്‍ ഷിനു പറഞ്ഞ ആള്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ ഉള്ളയാളാണ് എന്നാണ് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പ്രതികരണം.
ഇനി എന്ത് ഒത്തുതീർപ്പ് ഉണ്ടാക്കിയാലും ആ ക്ലിനിക്കിലേക്ക് ജോലിക്കില്ലെന്നു ഷിനു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സമൂഹം തന്നെ കുറ്റക്കാരിയാക്കുന്നതു പോലെയാണ് തോന്നുത്. നല്ലതു ചെയ്യാൻ ശ്രമിച്ചിട്ടും തനിക്കു നീതി ലഭിച്ചില്ലെന്നു ഷിനു കണ്ണീരോടെ പറയുന്നു. ഒരുപാട് ക്ലിനിക്കുകളിൽ നിന്ന് ജോലി ഓഫർ ചെയ്ത് വിളി വരുന്നുണ്ട്. കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.