അന്യ നാടുകളിൽ ഉള്ള പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ക്വാറന്‍റീൻ ഉൾപ്പെടെ എല്ലാ സൗകര്യവും തയാറാക്കിയിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് വിമാനത്താവളങ്ങളോടും അനുബന്ധിച്ച് പ്രവാസികൾക്കായി സൗകര്യങ്ങൾ ഒരുക്കി‍യിട്ടുണ്ട്. ആശുപത്രികളും സജ്ജമാണ്. മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളെയും ക്വാറന്‍റീൻ ചെയ്യും. തദ്ദേശ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനുമാണ് പ്രവാസികളുടെ ക്വാറന്‍റീൻ ചുമതല.

ഗർഭിണികൾ, കുട്ടികൾ, കോവിഡ് ഇല്ലാത്ത മറ്റ് ഗുരുതര രോഗികൾ എന്നിവർക്കാണ് മുൻഗണന നൽകുക. രണ്ടാം ഘട്ടത്തിൽ ജയിൽ മോചിതരായവർ, വിദ്യാർഥികൾ എന്നിവരെ പരിഗണിക്കും. 

ബാക്കിയുള്ളവരെ മൂന്നാം ഘട്ടത്തിൽ എത്തിക്കും. മുന്നൊരുക്കങ്ങൾ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും -മുഖ്യമന്ത്രി പറഞ്ഞു.