ഓര്‍ക്കാപ്പുറത്ത് വേദനവരുകയും എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടിവരുകയും ചെയ്യുന്ന ഒരു രോഗമാണ് അപ്പന്റിസൈറ്റിസ്. പൊക്കിളിന് താഴെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തുള്ള ഒരു അവയവമാണ് അപ്പന്റിക്‌സ്.
മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിന് എന്തെങ്കിലും പ്രത്യേക ധര്‍മ്മമുള്ളതായി ഇതുവരെയുള്ള പഠനങ്ങളിലൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ അവയവം ഉണ്ടാക്കുന്ന പൊല്ലാപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാത്തതുമാണ്.ഈ അവയവം വീങ്ങി വീര്‍ത്ത് വരുന്ന അവസ്ഥയാണ് അപ്പന്റിസൈറ്റിസ്. ആദ്യകാലങ്ങളിലെല്ലാം കുഞ്ഞുങ്ങളിലും മറ്റും ഈ രോഗം അപൂര്‍വ്വമായേ വന്നിരുന്നുള്ളു. എന്നാല്‍ ജീവിതശൈലീ മാറ്റവും അതിന്റെ ഭാഗമായി ഭക്ഷണ രീതിയില്‍വന്ന മാറ്റങ്ങളും ആ രോഗത്തിന് പ്രായഭേദമില്ലാതാക്കിയിരിക്കുന്നു. പത്തു വയസ്സിനും ഇരുപത് വയസ്സിനും ഇടയിലുള്ളവരിലാണ് രോഗംവരാന്‍ കൂടുതല്‍ സാധ്യത.
രോഗം വരാനുള്ള പ്രധാന കാരണങ്ങള്‍:-നാരുള്ള ഭക്ഷണത്തിന്റെ കുറവ്, ഭക്ഷണത്തിലെ അന്നജത്തിന്റെ ആധിക്യം; അന്നപഥത്തിലുള്ള കീടങ്ങളും മാലിന്യങ്ങളും ഇതിനുള്ളിലെത്തിയാല്‍ അപ്പന്റിസൈറ്റിസ് വരാം; ചില വൈറസുകളും അപ്പന്റിക്‌സിന് ഉള്ളില്‍ കടന്ന് രോഗത്തിന് വഴിവയ്‌ക്കും;മലം അപ്പന്റിക്‌സന്റെ ഉള്ളില്‍ കടന്ന് ഇതിന്റെ വായ് ഭാഗം അടഞ്ഞുപോയാലും രോഗം വരാം.
രോഗലക്ഷണങ്ങള്‍:-ചിലരില്‍ വയറില്‍ എരിച്ചിലായും കാളിച്ചയായും രോഗലക്ഷണം തുടങ്ങുന്നു. പൊക്കിളിന് ചുറ്റും കഠിനമായ വേദനയായിരിക്കും ചിലര്‍ക്കുണ്ടാവുന്നത്.വേദന പൊക്കിളിന് താഴെ വലതുവശത്തായി കേന്ദ്രീകരിക്കുന്നു. രോഗലക്ഷണങ്ങല്‍ വിവരിച്ച ചാള്‍സ് മക്‌ബര്‍ണിയുടെ പേരാണ് ഈ സ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. മക്‌ബര്‍ണീസ് പോയിന്റ് എന്നാണ് ഈ ഭാഗത്തെ പറയുന്നത്. വയറില്‍ അമര്‍ത്തമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടും.
വേദനയോടൊപ്പംതന്നെ ചിലരില്‍ ചര്‍ദ്ദി, വിശപ്പില്ലായ്‌മ, പനി എന്നിവ അനുഭവപ്പെടും.വയറിന്റെ വലതുഭാഗത്ത് കൈകൊണ്ട് അമര്‍ത്തുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അസുഖം അപ്പന്റിസൈറ്റിസ് തന്നെയാണെന്ന് ഊഹിക്കാം.
ചികിത്സ:-വച്ചു താമസിപ്പിക്കാതെ വൈദ്യസഹായം തേടുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. അവയവം വീര്‍ത്ത് പൊട്ടിയാല്‍ അതിലെ മാലിന്യങ്ങള്‍ വയറ്റില്‍ കലരുകയും മരണം വരെ സംഭവിക്കാനിടവരുകയും ചെയ്യും.രക്തപരിശോധന, മൂത്രപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിങ് എന്നിവ വഴിയെല്ലാം രോഗം നിര്‍ണയിക്കാന്‍ കഴിയും. രോഗം വന്നുകഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ശസ്‌ത്രക്രിയ നടത്തി അപ്പന്റിക്‌സ് എടുത്തുകളയുന്നതാണ് നല്ലത്. ഉദരം തുറന്നും ലാപ്രോസ്‌കോപ് ഉപയോഗിച്ചും ശസ്‌ത്രക്രിയ നടത്താം.