കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾപ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്.
നിയന്ത്രണം പൂർണമായും നീക്കിയിട്ടില്ല, നിലവിൽ യുഎസ്സിൽ നിന്നുള്ള ഓർഡറുകൾ ക്ലിയർ ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങൾക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടർന്നുള്ള മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി കോവിഡ്-19 വളരെ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് പാരസെറ്റാമോള്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യും. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കോവിഡ് രോഗികളെ ചികിത്സിക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദ്ദേശിച്ചത്. ഇത് പ്രകാരം 24 മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്‍ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ മാർച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളെന്നോണമാണ് ഇത് ചെയ്തത്.
എന്നാൽ ഇന്ത്യയുടെ തീരുമാനം യുഎസ്സിൽ കടുത്ത ആഘാതം സൃഷ്ടിച്ചു. യു.എസിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയിൽ നിന്നാണ് എത്തുന്നത്. യു.എസിലേക്ക് ഏറ്റവും കൂടുതൽ ഹൈഡ്രോക്സി ക്ലോറൈകൈൻ കയറ്റുമതി ചെയ്‌യുന്നത് അഹമ്മദാബാദ് ആസ്ഥാനമായ സൈദസ് ഫാർമസ്യൂട്ടിക്കൽസാണ്.
കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപും രംഗത്തുവന്നു. ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌യുന്നതിനുള്ള നിയന്ത്രണം നീക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും വാർത്താസമ്മേളനത്തിൽ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.