തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയര്‍ ചികിത്സയ്ക്ക് എട്ടുകോടിയുടെ സ്‌പെക്ട് സ്‌കാനര്‍ (ഗാമ ക്യാമറ) സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലാണ് ഇത് സ്ഥാപിക്കുന്നത്.
ഒറ്റ സ്‌കാനിങ്ങിലൂടെ തന്നെ തലമുതല്‍ പാദം വരെയുള്ള ത്രീ ഡി ഇമേജിലൂടെ രോഗനിര്‍ണയം നടത്തി ചികിത്സിക്കാനാകും എന്നതാണ് ഈ സ്‌കാനറിന്റെ പ്രത്യേകത. എക്‌സ്‌റേ, സി.ടി. സ്‌കാന്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരുതവണമാത്രം മരുന്നുനല്‍കി വളരെ കുറഞ്ഞ റേഡിയേഷനില്‍ ശരീരം മുഴുവനായി സ്‌കാന്‍ ചെയ്യാന്‍ സാധിക്കും. അര്‍ബുദനിര്‍ണയത്തിനും ചികിത്സയ്ക്കും രോഗത്തിന്റെ വ്യാപ്തി അറിയേണ്ടതും അത്യന്താപേക്ഷിതമാണ്.
സ്‌പെക്ട് സ്‌കാനറിനായി ബജറ്റില്‍ തുക വകയിരുത്തിയതോടെ തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
തൈറോയ്ഡ് കാന്‍സര്‍, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, അസ്ഥിയിലെ അര്‍ബുദം തുടങ്ങി പതിനഞ്ചോളം കാന്‍സറുകള്‍ക്കാണ് ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നത്. ഈ ചികിത്സ നല്‍കുന്നതിന് സ്‌പെക്ട് സ്‌കാനര്‍ അത്യാവശ്യമാണ്. സ്‌പെക്ട് സ്‌കാനര്‍ സ്ഥാപിക്കുന്നതോടുകൂടി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ ഈ ചികിത്സകള്‍ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
അസ്ഥിയിലെ കാന്‍സര്‍, മറ്റു കാന്‍സറുകള്‍ അസ്ഥിയിലേക്ക് വ്യാപിക്കുന്നത്, മറ്റു സ്‌കാനുകള്‍ ഉപയോഗിച്ച് നിര്‍ണയിക്കാന്‍ പറ്റാത്തവ, അസ്ഥികളിലെ അണുബാധ, കൃത്രിമസന്ധികളുടെ പ്രവര്‍ത്തനം, ബയോപ്‌സി ചെയ്യാനുള്ള സ്ഥാനം നിര്‍ണയിക്കല്‍, അസ്ഥിവേദനയുടെ കാരണം കണ്ടെത്തല്‍ എന്നിവ ബോണ്‍ സ്‌കാനിങ്ങിലൂടെ കണ്ടെത്താന്‍ സാധിക്കും.