ഇന്ന് രാത്രി 9 മണിക്ക് എന്ത് സംഭവിക്കും? ഇതാ എല്ലാത്തിനും ഉള്ള ഉത്തരം. സത്യാവസ്ഥ എല്ലാവരും മനസിലാക്കുക

കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി കൊവിഡിന് എതിരെ ഐക്യദീപം തെളിയിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ വിളക്കുകള്‍ അണച്ചതിനു ശേഷം ചിരാതുകളും അതുപോലെയുള്ള ദീപങ്ങളും തെളിച്ചുകൊണ്ട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം എന്ന് പറഞ്ഞിരുന്നു. ഇന്ന് രാവിലെമുതല്‍ ഇതിന്റെ വിവിധ വശങ്ങള്‍ ആരാഞ്ഞുകൊണ്ട് പലരും വിളിക്കുകയോ മെസ്സേജുകള്‍ അയക്കുകയോ ചെയ്തിരുന്നു. കൂടുതല്‍ പേര്‍ക്കും സംശയം ഇത് ഗ്രിഡ് കൊളാപ്സ് ഉണ്ടാക്കുമോ എന്നതായിരുന്നു. ചിലര്‍ അയച്ചുതന്ന മെസ്സേജില്‍ വീട്ടിലെ ഉപകരണങ്ങള്‍ കേടാകാതെ ഇരിക്കാന്‍ മെയിന്‍ സ്വിച്ച്‌ തന്നെ ഓഫ്‌ ചെയ്തു വയ്ക്കണം എന്ന ഉപദേശവും കണ്ടു.

ചുരുങ്ങിയ സമയത്തെ ലോഡു വ്യതിയാനങ്ങൾ മാനുഷികമായി പ്രതികരിച്ച് (human intervention) ശരിയാക്കാൻ സാധിക്കുകയില്ല. അപ്പപ്പോള്‍ ഉണ്ടാകുന്ന ലോഡ് വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ഉത്പാദനവും സ്വയമേവ ക്രമീകരിക്കുന്ന സംവിധാനമാണ് എല്ലാ വലിയ ജനറേറ്ററുകളിലും ഉള്ളത് (ഇതിന്റെ സാങ്കേതികത ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല) എന്നാല്‍ എത്രത്തോളം എളുപ്പത്തില്‍ ഉത്പാദനം സ്വയം ക്രമീകരിക്കപ്പെടും എന്നത് പല ജനറേറ്ററുകളിലും വ്യത്യസ്തമായിരിക്കും. പൊതുവില്‍ ജലവൈദ്യുതനിലയങ്ങളില്‍ വളരെ വേഗത്തില്‍ തന്നെ ഇത് ക്രമീകരിക്കപ്പെടുമ്പോള്‍ താപനിലയങ്ങളില്‍ സാമാന്യം പതുക്കെയാകും ഇത് സംഭവിക്കുക.

ഇതൊക്കെയാണെങ്കിലും മുഴുവന്‍ ലോഡ് വ്യതിയാനവും ഉടനടി ഉത്പാദനം ക്രമപ്പെടുത്തി നേരെയാക്കാന്‍ സാധിക്കണം എന്നില്ല. അതിന്‌ സ്വയം പ്രവര്‍ത്തിക്കുന്നതും മാനുഷിക ഇടപെടല്‍ വേണ്ടതുമായ മറ്റ് വിവിധ മാര്‍ഗ്ഗങ്ങളും ഉണ്ട്. മുന്‍കൂട്ടി പ്രതീക്ഷിക്കുന്ന ലോഡ് മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉത്പാദനം ക്രമീകരിക്കുക (കൂട്ടുകയോ കുറയ്ക്കുകയോ വഴി), ലോഡ് നിര്‍ബന്ധിതമായി ക്രമീകരിക്കുക (ഉദാ: ലോഡ് ഷെഡിംഗ്) എന്നിവ മാനുഷിക ഇടപെടല്‍ വഴി ചെയ്യുന്നവയാണ്. അതേ സമയം റിലേ സംവിധാനങ്ങള്‍ സ്വയമേവ പ്രവൃത്തിക്കുന്നതാണ്.

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഇന്ന് (05.04.2020) രാത്രി ഒന്‍പത് മണിക്ക് രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തങ്ങളുടെ വസതികളിലെ വൈദ്യുത ഉപഭോഗം കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്നത് നമുക്ക് മുന്‍കൂട്ടി അറിയാം എന്നതാണ് ഏറ്റവും അനുകൂലമായ ഘടകം –അതിനനുസരിച്ച് ഗ്രിഡ് ഓപ്പറേറ്റര്‍മാർക്കും (ഉത്പാദന നിലയങ്ങളും സബ്സ്റ്റേഷനുകളും സമയാസമയങ്ങളില്‍ നിയന്ത്രിക്കുന്ന, എന്നാല്‍ ഉത്പാദന വിഭാഗവുമായോ, പ്രസരണ വിഭാഗമായോ ബന്ധപ്പെടാതെ നില്‍ക്കുന്ന ഒരുകൂട്ടം എഞ്ചിനീയര്‍മാര്‍ ആണ് ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍), ഉത്പാദന നിലയങ്ങളിലെയും സബ്സ്റ്റേഷനുകളിലെയും എഞ്ചിനീയര്‍മാര്‍ക്കും 05.04.2020 രാത്രി ഒന്‍പത് മണിയ്ക്കും ശേഷം ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷവും ലോഡ് വ്യതിയാനം സംഭവിക്കും എന്ന് അറിയാം. അതിനുവേണ്ടി അവര്‍ക്ക് തയ്യാറായി ഇരിക്കാം എന്നര്‍ത്ഥം.

മറ്റൊരു കാര്യം ഇത്തരം മുന്‍കൂട്ടിയുള്ള ആഹ്വാനപ്രകാരം ഉള്ള “ലോഡ് ത്രോ ഓഫ്‌” ആദ്യമായി അല്ല, എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ ഒരു ശനിയാഴ്ച (അവസാന ശനിയാഴ്ച എന്നാണ് ഓര്‍മ്മ) ലോകമെമ്പാടും “എര്‍ത്ത് അവര്‍” ലോകമെമ്പാടും നാം വര്‍ഷങ്ങളായി കൊണ്ടാടുന്നു. (ഇന്ത്യയില്‍ രാത്രി 08:30 മുതല്‍ 09:30 വരെയുള്ള ഒരുമണിക്കൂര്‍). ഈ സമയത്തില്‍ ഒരു നല്ല ശതമാനം ആളുകള്‍ തങ്ങളുടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുത ദീപങ്ങള്‍ അണച്ച് ഇടുന്നു. ലോകത്ത് പല പ്രമുഖ നഗരങ്ങളിലും എല്ലാ വിളക്കുകളും കേന്ദ്രീകൃതമായി തന്നെ ഓഫ്‌ ചെയ്യുന്നുണ്ട്. ഇത് മാനേജ് ചെയ്യാന്‍ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് കഴിയുന്നുമുണ്ട്.

ഇനി, ഇന്ന് രാത്രി വരുന്ന “ലോഡ് ത്രോ ഓഫ്‌” നമുക്ക് നേരിടാന്‍ സാധിക്കുമോ എന്നതിലേക്ക് വരാം. നേരത്തെ സൂചിപ്പിച്ചത് പോലെ നമുക്ക് മുന്‍കൂട്ടി കാര്യങ്ങള്‍ അറിയാം എന്നത് തന്നെയാണ് ഏറ്റവും പ്രധാന അനുകൂല ഘടകം. കൂടാതെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ ആകെ ലോഡ് താരതമ്യേന കുറവായി നില്‍ക്കുന്നു. അപ്പോള്‍ വ്യാവസായിക/വാണിജ്യ കേന്ദ്രങ്ങളില്‍ ഒരു “ലോഡ് ത്രോ ഓഫ്‌” ഉണ്ടാകാനില്ല. വൈദ്യുതി ആവശ്യകത കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ രാജ്യത്ത് ഒരു വലിയ പങ്ക് താപവൈദ്യുത നിലയങ്ങള്‍ ഇപ്പോള്‍തന്നെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്, അതേസമയം വേഗത്തില്‍ ലോഡ് വ്യതിയാനം വരുത്താവുന്ന ജലനിലയങ്ങള്‍ പ്രവര്‍ത്തനസജ്ജവും. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമാണ്. (കേരളത്തില്‍ ജല വൈദ്യുതനിലയങ്ങളുടെ energy contribution ആകെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 25% മാത്രം ആണ് എങ്കിലും ഇപ്പോഴത്തെ താരതമ്യേന കുറഞ്ഞ peak demand ന്റെ ഗണ്യമായ പങ്ക് നമുക്ക് നമ്മുടെ ജല വൈദ്യുത നിലയങ്ങളില്‍ നിന്ന് കണ്ടെത്താനാവും).

അടുത്തതായി ഇപ്പോള്‍ ഇത് സംബന്ധിച്ച് കറങ്ങി നടക്കുന്ന മറ്റ് ചില സന്ദേശങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്ന് തോന്നുന്നു. ഇതില്‍ പ്രധാനം ഈ സമയത്ത് ഉയര്‍ന്ന വോള്‍ട്ടേജ് കാരണം ഉപകരണങ്ങള്‍ കേടാകും എന്നും, അത് തടയുന്നതിനു വീട്ടിലെ മെയിന്‍ സ്വിച്ച് തന്നെ മുന്‍കൂട്ടി ഓഫ്‌ ചെയ്യണമെന്നും രാത്രി 9:15 കഴിഞ്ഞു മാത്രം ഓണ്‍ ചെയ്യണം എന്നുമാണ്. നമ്മുടെ വീട്ടിലെ ഉപകരണങ്ങള്‍ എല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നത് 240+6% (ഏകദേശം 254 വോള്‍ട്ട്) സ്ഥിരമായി വന്നാലും ഒരു പ്രശ്നവും ഉണ്ടാകാത്ത വിധത്തില്‍ ആണ് എന്നത് ഓര്‍ക്കണം. ഫ്രിഡ്ജ്‌, എയര്‍ കണ്ടീഷണര്‍, മോട്ടോര്‍ എന്നിവയ്ക്ക് വേണ്ടതിലും കുറഞ്ഞ വോള്‍ട്ടേജ് സ്ഥിരമായി വരുന്നത് ആണ് കൂടുതല്‍ ദോഷകരം), ലോഡ് ത്രോ ഓഫ് കാരണം വരുന്ന വോള്‍ട്ടേജ് 254 ല്‍ കൂടുവാന്‍ സാധ്യത ഇല്ല. അത് ഒഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സബ്സ്റ്റേഷന്‍ ഓപ്പറേറ്റര്‍മാര്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ പേടിക്കണ്ട കാര്യമില്ല. നമുക്ക് ആ സമയം ഫാന്‍, ഫ്രിഡ്ജ്‌, എയര്‍ കണ്ടീഷണര്‍, മോട്ടോര്‍, ടി.വി തുടങ്ങി എല്ലാ ഉപകരണങ്ങളും ധൈര്യമായി പ്രവര്‍ത്തിപ്പിക്കാം. ഇനി നമ്മള്‍ എല്ലാ ലോഡും ഓഫ് ചെയ്ത് വച്ചാല്‍ അത് സിസ്റ്റത്തില്‍ ഗുണമല്ല ദോഷമാണ് ഉണ്ടാക്കുക എന്നും ഓർക്കുക.

National Load Despatch Centre, New Delhi (NLDC), 5 Regional Load Despatch Centre (RLDC), State Load Despatch Centre (SLDC – കേരളത്തില്‍ കളമശ്ശേരിയില്‍ ആണ് State Load Despatch Centre സ്ഥിതിചെയ്യുന്നത്) എന്നിവര്‍ ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ജനറേറ്റര്‍ ഓപ്പറേറ്റർമാര്‍, സബ്സ്റ്റേഷന്‍ ഓപ്പറേറ്റർമാർ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ 300 മുതല്‍ 350 മെഗാവാട്ട് ലോഡ് വ്യതിയാനം ആണ് നാളെ പ്രതീക്ഷിക്കുന്നത്. നമ്മുടെ രണ്ട് പ്രധാന നിലയങ്ങളായ ഇടുക്കിയും ശബരിഗിരിയും തന്നെ 500 മെഗാവാട്ട് ലോഡ് വ്യതിയാനം കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണ്.

ഇനി നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഗ്രിഡ് ഓപ്പറേറ്റര്‍മാരെ സഹായിക്കണം എന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് കൂടി പറയാം. നമുക്ക് അത്യാവശ്യം ഇല്ലാത്ത വിളക്കുകള്‍ നാളെ രാത്രി 09:00 മണി ആകുന്നതിന് അല്‍പ്പം മുമ്പ് തന്നെ ഓഫ് ചെയ്യുക. ഇത് വഴി sudden load throw off ഒഴിവാക്കി, smooth transition സാധ്യമാകും. അതുപോലെ 9:09 കഴിയുമ്പോള്‍ എല്ലാ വിളക്കുകളും ഒരുമിച്ച് ഓൺ ചെയ്യാതെ, കുറച്ച് സമയമെടുത്ത് ഓരോന്ന് ഓരോന്നായി ഓണ്‍ ചെയ്യുക. ഒരുപക്ഷെ നാളെ രാത്രി 09:00 മണിക്ക് അല്‍പ്പം മുമ്പ് കുറച്ചു സമയത്തേക്ക് (ഒന്നോ രണ്ടോ മിനിറ്റ് നേരത്തേക്ക്) എവിടെയെങ്കിലും വൈദ്യുതി പോകുന്നു എങ്കില്‍ അത് smooth transition ഉറപ്പാക്കാന്‍ ഗ്രിഡ് ഓപ്പറേറ്ററുടെ നിര്‍ദ്ദേശം മൂലം ആകാനും സാധ്യതയുണ്ട്. മറ്റൊന്ന്, 9:00 മണിക്കും 9:09 നും വോൾട്ടേജും, ഫ്രീക്വൻസിയും ക്രമാതീതമായി മാറുന്നു എങ്കിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഫീഡറുകൾ ട്രിപ്പ് ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഗ്രിഡ് സുരക്ഷയ്ക്കുള്ള ഓട്ടോമേറ്റഡ് സംവിധാനമാണ്.

കടപ്പാട്: മനോജ് ബി. നായർ, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ പ്ലാനിംഗ് വിഭാഗം,

കെ എസ് ഇ ബി