ഈ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടോ എങ്കില്‍ നിങ്ങളുടെ വൃക്ക തകരാറിലായിരിക്കും സൂക്ഷിക്കുക

മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കൽ എന്നിവ വൃക്കരോഗലക്ഷണമാകാം.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എെ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ നിശ്ചിത പ്രായം കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.

പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ ചില ലക്ഷണങ്ങൾ ഗൗരവമായിത്തന്നെയെടുക്കണം. അതിൽ പ്രധാനമാണ് മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം അസുഖങ്ങൾ പലപ്പോഴും എെ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.

20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, എെ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഏകദേശം നാൽപതു ശതമാനത്തോളം വരുന്ന ആളുകൾ നാൽപതു വയസിനോടടുക്കുമ്പോൾ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.

ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതിൽ 40 ശതമാനത്തോളം പേർ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കൽ, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകൾ അകാലത്തിൽ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.

പ്രമേഹമുള്ളവരിൽ ഹൃദയസംബന്ധിയായതോ രക്തക്കുഴൽ സംബന്ധിയായതോ ആയ അസുഖം വളരെ നേരത്തെ കാണപ്പെടുന്നു. ഇതു ശ്രദ്ധിക്കാതെ പോവുകയും പിന്നീട് മൂത്രത്തിൽ പ്രോട്ടീൻ, പഴുപ്പിന്റെ അംശം എന്നിവ കാണുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ പാരാതോർമോൺ (പാരാതൈറോയ്ഡ് ഹോർമോൺ), ഫോസ്ഫറസ് എന്നിവയുടെ അളവു കൂടുന്നത് പരിശോധനയിൽ കണ്ടെത്താം. മറ്റ് പരിശോധനകളിൽ ചിലപ്പോൾ രോഗസൂചന ലഭിച്ചുവെന്നു വരില്ല. ഈ സമയം കൃത്യമായ ചികിത്സയും ലഭിക്കാതിരുന്നാൽ ഗുരുതരവൃക്കരോഗമായി അതു പരിണമിക്കും.

സ്ഥായിയായ രോഗങ്ങൾ:-അറുപതിനു മുകളിലുള്ളവരിൽ കാണുന്ന സ്ഥായിയായ അസുഖങ്ങൾ, വൃക്കകളുടെ പ്രവർത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളിൽ ഗർഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.

മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരിൽ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബർക്കുലോസിസ്), കാൻസർബാധ എന്നിവയുടെ ലക്ഷണമാവാം.

ഗർഭകാലത്തു ബി പി കൂടിയാൽ:-പലവിധത്തിലുള്ള അണുബാധകൾ, പ്രസവസമയത്തെ രക്തസമ്മർദം, നീർക്കെട്ടുകൾ, വിഷബാധ എന്നിവ പരിശോധനയും ചികിത്സയും നൽകി എത്രയും പെട്ടെന്നു പരിഹരിക്കണം. അത്തരം ലക്ഷണങ്ങളെയെല്ലാം ഭാവിയിൽ വരാവുന്ന വൃക്കരോഗത്തിന്റെ നേരിയ സൂചനയായിട്ടെങ്കിലും കരുതേണ്ടിയിരിക്കുന്നു. അവയെല്ലാം യഥാസമയം പരിഹരിച്ചാൽ വൃക്കരോഗസാധ്യതയെ ഗണ്യമായി കുറയ്ക്കാനാകും.

അപകടകരം ഈ 6 സൂചനകൾ:-വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്.

മൂത്രത്തിന്റെ മാറ്റം:-ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

ക്ഷീണവും ശ്വാസം മുട്ടും:-അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

മുഖത്തും കാലിലും നീര്:-മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

രുചിയില്ലായ്മയും ദുർഗന്ധവും:-ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

ചൊറിച്ചിൽ:-ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.

വേദന:-മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ:-കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങൾ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകൾ ശ്രദ്ധിക്കാം. ഇതിൽ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടർച്ചയായുള്ള കരച്ചിൽ, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകൽ, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തിൽ കാണുന്ന നീർക്കെട്ടുകൾ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം. രക്ത—മൂത്ര പരിശോധനകൾ അൾട്രാസൗണ്ട് പരിശോധനകൾ എന്നിവ ഇതിനു സഹായിക്കും.

കുഞ്ഞുങ്ങൾ വളരുന്തോറും പലവിധ ലക്ഷണങ്ങൾ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളർച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകൾ, അസ്ഥിയുടെ വളർച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല”ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയൽ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാൽ ലക്ഷണങ്ങൾ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകൾ വേണ്ടിവരും.