ലോകം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ആഘോഷമില്ലാതെ ആചാരമാക്കി നമ്മുക്ക് വിഷുവിനെ വരവേല്‍ക്കാം.
ലോകം മുഴുവന്‍ മഹാമാരിയായി പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊറോണയെന്ന ഭീകരനെ കൈമെയ് മറന്ന് പിടിച്ച് കെട്ടുന്നതിനുള്ള തീവ്രശ്രമത്തില്‍ തന്നെയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും. ഇതിനിടയിലാണ് മലയാളിക്ക് എന്നും പ്രിയപ്പെട്ട ആഘോഷമായ വിഷു കൂടി എത്തുന്നത്. വരാനിരിക്കുന്ന ഒരു വര്‍ഷത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് വിഷു. വിഷു ദിനം കണികാണുന്നതും കൈനീട്ടം വാങ്ങുന്നതും എല്ലാം വരും വര്‍ഷത്തെ നമ്മുടെ ഐശ്വര്യത്തേയും പ്രതീക്ഷയേയും ആണ് സൂചിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ മേടരവിസംക്രമം മീനം 31 തിങ്കളാഴ്ച രാത്രി 8.26 നാണ്. സംക്രമം നടക്കുന്നത് സായാഹ്നത്തിനു ശേഷം ആയതിനാല്‍ മേടം ഒന്നു വരുന്നത് ഏപ്രില്‍ 14 നാണ്. അന്നുതന്നെയാണ് വിഷുക്കണി ദര്‍ശനം നടത്തേണ്ടത്.
ഈ വര്‍ഷത്തെ ഗ്രഹസ്ഥിതിയില്‍ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാല്‍ 14 ന് പുലര്‍ച്ചെ 05.54 മുതല്‍ 07.03 വരെയുള്ള സമയം ഭാരതത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഉത്തമമാണ്.
ഏത് പ്രതികൂലാവസ്ഥയേയും നേരിട്ട് മുന്നോട്ട് ജീവിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് ഇത് പോലുള്ള ഐശ്വര്യ പൂര്‍ണമായ ആഘോഷങ്ങള്‍ തന്നെയാണ്. എന്നാല്‍ നിരവധി അനുഷ്ഠാനങ്ങളും കര്‍മ്മങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് നമുക്കറിയാം. വിഷു ഐശ്വര്യത്തിന്റെ പ്രതീകമാവുമ്പോള്‍ ഏത് സമയത്താണ് കണികാണേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പ് കണി കാണേണ്ട സമയം എപ്പോഴാണെന്ന് നമുക്ക് നോക്കാം. ഈ പുതു വര്‍ഷത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഐശ്വര്യത്തോടെ മുന്നോട്ട് പോവുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കട്ടെ.
മേടമാസത്തിലെ ആദ്യസൂര്യോദയത്തിന്റെ അന്ന് തന്നെയാണ് വിഷുക്കണി കാണേണ്ടതും. മേട രവിസംക്രമം എന്ന് പറയുന്നത് മീനം 31 അതായത് ഇന്ന് രാത്രി 8.26 വരെയാണ്. സൂര്യന്‍ ഉദിച്ച് രണ്ട് നാഴിക കഴിയുന്നത് വരെയുള്ള സമയത്ത് വിഷുക്കണി ദര്‍ശനം നടത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഈ സമയത്ത് കണികാണുന്നത് ഐശ്വര്യത്തിനും ക്ഷേമത്തിനും കാരണമാകും എന്നാണ് വിശ്വാസം. മുകളില്‍ പറഞ്ഞ സമയത്ത് കണി കാണുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കേണ്ടതും.