ശ്വസനം ക്ലേശകരമോ അസാധ്യമോ ആകുന്ന സന്ദർഭത്തിൽ കൃത്രിമശ്വസനം നൽകുന്ന യന്ത്രസംവിധാനമാണ് വെന്റിലേറ്റർ. ശ്വാസോച്ഛ്വാസത്തിലൂടെ ലഭിക്കുന്ന ഓക്സിജൻ വഴിയാണു തലച്ചോറിലെ പ്രത്യേക കോശങ്ങൾ പ്രവർത്തിക്കുന്നത്. മൂന്നു മിനിറ്റിലധികം നേരം ശ്വാസോച്ഛ്വാസം ചെയ്യാൻ സാധിക്കാതിരുന്നാൽ ഈ കോശങ്ങൾക്കു കേടുപാടുകൾ സംഭവിക്കും. ഈ അവസ്ഥയിലുള്ള രോഗികൾക്കു ശ്വാസോച്ഛ്വാസ സഹായത്തിനാണു വെന്റിലേറ്റർ സൗകര്യം നൽകുന്നത്.
വായിലൂടെ ശ്വാസകോശത്തിലേക്കു ട്യൂബിട്ട് ഓക്സിജൻ നൽകുന്ന ഇൻവേസീവ് രീതിയും മാസ്ക് ഉപയോഗിച്ച് ഓക്സിജൻ നൽകുന്ന നോൺ– ഇൻവേസീവ് രീതിയുമുണ്ട്. ശ്വസന അളവുകൾ മോണിറ്ററിൽ കാണിക്കും. അപ്രതീക്ഷിത വ്യത്യാസം വന്നാൽ അലാം മുഴങ്ങുകയും ചെയ്യും. ശ്വസിക്കാൻ രോഗിക്കു സ്വയം കഴിയുന്നതോടെ ഉപകരണം മാറ്റും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ മിക്കവർക്കും നിശ്ചിത സമയത്തിനു ശേഷം ഉപകരണമില്ലാതെ ശ്വസിക്കാൻ കഴിയും. അതിനാൽ, ആശുപത്രികളിൽ ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം മണിക്കൂറുകൾ ഇടവിട്ടു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
പ്രവർത്തനം
അന്തരീക്ഷ വായു മർദ്ദീകരിച്ച ശേഷം (compressed), പലപ്പോഴും കൂടുതൽ ഓക്സിജനുമായി കൂട്ടി കലർത്തി രോഗിക്ക് എത്തിക്കുകയാണ് വെന്റിലേറ്ററുകളുടെ പ്രാഥമിക ധർമ്മം. കൂടിയ മർദ്ദത്തിൽ കടത്തിവിട്ട ശേഷം യന്ത്രസംവിധാനം കുറഞ്ഞ മർദ്ദത്തിലാവുന്നു. അപ്പോൾ ശ്വാസകോശത്തിന്റെ സ്വാഭാവിക ഇലാസ്തികത കാരണം ഉഛശ്വസം സംഭവിക്കുന്നു. രോഗനില അനുസരിച്ച് മർദ്ദം, ഓക്സിജൻ നില , ശ്വസന വേഗത, തുടങ്ങിയ പല മാനകങ്ങളും വെന്റിലേറ്ററിൽ ക്രമപ്പെടുത്താവുന്നതാണ്. വായു ഒഴുക്ക് (air flow) വായു അളവ് (volume), മർദ്ദം, ചോർച്ച തുടങ്ങിയവ കൃത്യമായി സൂചിപ്പിക്കുകയും അപായമറിയിക്കുകയും ചെയ്യുന്ന അലാം സംവിധാനം എല്ലാ വെന്റിലേറ്ററുകളിലും സജീകൃതമാണ്.