എന്ന് 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ അകെ കോവിഡ് ബാധിച്ചവർ 181 പേർ

സംസ്ഥാനത്ത് 20 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

20 ൽ പതിനെട്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്ന് കിട്ടിയത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഐസൊലേഷൻ ഐസിയുവിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളിൽ കൊവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.