ഒടുവിൽ മുടി നരയ്ക്കാതിരിക്കാൻ ഉള്ള വഴി കണ്ടെത്തി ശാസ്ത്രഞ്ജർ

മുടിനരക്കുന്നത് തടയാൻ സഹായിക്കുന്ന ഒരു നൂതന മാർഗം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്  ഇവർ റെസിനിഫെറാടോക്സിൻ എന്ന പദാർത്ഥം ഉപയോഗിച്ച് ചില കറുത്ത എലികളിൽ വേദന ഉണ്ടാക്കി.   പതിയെ എലികളുടെ രോമങ്ങൾ പൂർണ്ണമായും വെളുക്കുകയും ചെയ്തു. “സമ്മർദ്ദം കൂടിയാൽ മുടി വെളുക്കുമെന്ന് വളരെക്കാലമായി പറഞ്ഞുകേൾക്കാറുണ്ട്, എന്നാൽ ഇതുവരെ ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ പഠനം അത് തെളിയിച്ചു, അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു,” യുഎസിലെ ഹാവാർഡ് സർവകലാശാല ഗവേഷകനായ തിയാഗോ മാത്താർ കൻഹ പറഞ്ഞു.

“കൂടാതെ, സമ്മർദ്ദം മൂലം മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയയെ നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗവും ഞങ്ങൾ കണ്ടെത്തി,” കൻഹ പറഞ്ഞു. അപകടകരമായ സാഹചര്യങ്ങളോട് ശരീരത്തിന്റെ പെട്ടന്നുള്ള അനിയന്ത്രിതമായ പ്രതികരണത്തിന് കാരണമാകുന്ന സിംപതെറ്റിക് നാഡീവ്യൂഹം ഒരു വ്യക്തി സമ്മർദ്ദം അനുഭവിക്കുമ്പോഴും പ്രവർത്തിക്കുന്നു.  

സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവർത്തനം തടഞ്ഞപ്പോൾ മുടി നരയ്ക്കുന്നത് തടയാൻ കഴിഞ്ഞതായി ഗവേഷകർ നിരീക്ഷിച്ചു. “എലികളിലേക്ക് റെസിനിഫെറാടോക്സിൻ കുത്തിവച്ചശേഷം, സിംപതെറ്റിക് നാരുകൾ വഴി ന്യൂറോ ട്രാൻസ്മിഷൻ തടയാൻ കഴിവുള്ള ഹൈപ്പർ‌ടെൻസീവ് ഗ്വാനെത്തിഡിൻ ഉപയോഗിച്ച് ഞങ്ങൾ എലിയെ ചികിത്സിച്ചു. രോമങ്ങളുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയ ഈ ചികിത്സയിലൂടെ തടയാൻ ഞങ്ങൾക്ക് കഴിഞ്ഞു” കൻഹ പറഞ്ഞു.