ഓരോ രക്തഗ്രൂപ്പനുസരിച്ച് കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങൾ അറിയാമോ?

ഓരോ രക്ത ഗ്രൂപ്പുള്ള ആളുകളിലും അവരുടേതായാ സവിശേഷതകള്‍ ഉണ്ടെന്നാണ് ഇതേക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ പറയുന്നത്. അടുത്തിടെ പ്രമുഖ ന്യൂറോപാത്ത് ഡോ. പീറ്റര്‍ ജെ.ഡി അഡാമോ നടത്തിയ പഠനത്തില്‍, വ്യക്തമാക്കുന്നത്, ഓരോ രക്തഗ്രൂപ്പില്‍ ഉള്ളവരും അവരുടേതായ ചില ഭക്ഷണശീലങ്ങള്‍ പതിവാക്കണമെന്നാണ്. ഇവിടെയിതാ, ഓരോ രക്തഗ്രൂപ്പുകളിലും ഉള്ളവര്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ഭക്ഷണം എന്തൊക്കെയാണെന്ന് നോക്കാം.

രക്തഗ്രൂപ്പ്- എ ബി

പൊതുവെ എ ഗ്രൂപ്പ് യൂറോപ്പിലും ബി രക്തഗ്രൂപ്പ് ഏഷ്യ-ആഫ്രിക്ക എന്നിവടങ്ങളിലുമാണ് ധാരാളമായി കാണുന്നത്. എ, ബി രക്തഗ്രൂപ്പുകളുടെ സങ്കരമാണ് എ ബി രക്തഗ്രൂപ്പ് എന്നുപറയാം. അതുകൊണ്ടുതന്നെ എ, ബി രക്തഗ്രൂപ്പുകാര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങള്‍ ഇവര്‍ക്ക് കഴിക്കാം. ചുവന്ന മാംസ വിഭാഗത്തില്‍പ്പെടുന്ന ഇളംപ്രായമുള്ള ആട്ടിറച്ചി ധാരാളമായി കഴിച്ചാല്‍, കൊളസ്‌ട്രോളും ഹൃദ്രോഗങ്ങളും നിയന്ത്രിക്കാം. പ്ലം പോലെയുള്ള പഴങ്ങള്‍, ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ചുവന്ന മള്‍ബറി, ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ബ്രഡ്, പാസ്‌ത എന്നിവയും എ ബി രക്ത ഗ്രൂപ്പ് ഉള്ളവര്‍ ധാരാളം കഴിക്കണം. ബദം, അണ്ടിപ്പരിപ്പ്, സണ്‍ഫ്ലവര്‍ ഓയില്‍, മത്തങ്ങ അരി എന്നിവ കഴിച്ചാല്‍, എ ബി രക്തഗ്രൂപ്പുകാര്‍ക്ക് ധാരാളം പ്രോട്ടീന്‍ ലഭിക്കും. ചിക്കന്‍ ഒഴികെയുള്ള മാംസാഹാരം കഴിക്കുന്നതും എ ബി രക്തഗ്രൂപ്പുകാര്‍ക്ക് നല്ലതാണ്.

കഴിക്കാന്‍ പാടില്ലാത്തവ- ജാം, അസിഡിറ്റിയുള്ള ഭക്ഷണം എന്നിവ എ ബി രക്തഗ്രൂപ്പുകാര്‍ ഒഴിവാക്കണം. ചിക്കനും കുറയ്‌ക്കണം. നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും പയര്‍, നിലക്കടല എന്നിവ ഒഴിവാക്കുന്നത് എ ബി ഗ്രൂപ്പുകാര്‍ക്ക് നല്ലതാണ്. വിവിധതരം മുളകുകളുടെ ഉപയോഗവും കുറയ്‌ക്കണം. ഞണ്ട്, കൊഞ്ച്, വലിയ ചെമ്മീന്‍, കക്ക, കല്ലുമേക്കായ എന്നിവയും എ ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്.

രക്തഗ്രൂപ്പ്- എ

കഴിക്കേണ്ടത്- പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുന്ന സസ്യാഹാരങ്ങള്‍ പതിവാക്കണം. കൃഷി കണ്ടെത്തിയതിനുശേഷമാണ് ഈ രക്തഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടതെന്നാണ് ഇതിന് ഡോ. പീറ്റര്‍ ജെ.ഡി അഡാമോ പറയുന്ന ന്യായം. ഓട്ട്സ് പോലെയുള്ളവ പതിവാക്കിയാല്‍ എ രക്തഗ്രൂപ്പ് ഉള്ളവരില്‍ ഹൃദയധമനി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും പറയുന്നു. കൂടാതെ ഒമേഗ ത്രീ ഫാറ്റി ആസിഡുള്ള മല്‍സ്യം, വിറ്റാമിന്‍ ബി12 ഉള്ള ഭക്ഷണങ്ങള്‍ എന്നിവയും എ ഗ്രൂപ്പുകാര്‍ കൂടുതലായി കഴിക്കണം. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള സ്‌ട്രാബെറിയും എ രക്തഗ്രൂപ്പുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ്.

കഴിക്കാന്‍ പാടില്ലാത്തവ- പാല്‍ ഉല്‍പന്നങ്ങളും മാംസാഹാരവും രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് അനുയോജ്യമല്ല. ഞണ്ട്, കൊഞ്ച് പോലെയുള്ളവയും ഒഴിവാക്കിയാല്‍ നന്നായിരിക്കും. അതുപോലെ അമിത കീടനാശിനി പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും ഈ ഗ്രൂപ്പുകാര്‍ കഴിക്കാന്‍ പാടില്ല.

രക്തഗ്രൂപ്പ്- ബി

കഴിക്കേണ്ടവ- വിറ്റാമിന്‍ ബി3, ബി12, ബി6, അയണ്‍, സിങ്ക്, ക്രിയാറ്റിന്‍, കര്‍നോസിന്‍ എന്നിവ അടങ്ങിയിട്ടുള്ള ചുവന്ന മാംസം ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കണം. ഉയര്‍ന്ന കാല്‍സ്യം ഉള്ള പാല്‍ ഉല്‍പന്നങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ബ്രോക്കോളി, ചീര, പച്ചക്കറികള്‍ എന്നിവയും ശീലമാക്കണം. ഇതിലൂടെ നാരുകളും വിറ്റാമിന്‍ സിയും ലഭിക്കും. മുട്ട കഴിക്കണം. ഇതില്‍ അടങ്ങിയിട്ടുള്ള കോളിന്‍, തലച്ചോറിനും ഓര്‍മ്മശക്തിക്കും ഏറെ ഉത്തമമാണ്. പയര്‍, ബീന്‍സ് എന്നിവ ധാരാളമായി കഴിച്ചാല്‍, പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ നിയന്ത്രിക്കാന്‍ രക്തഗ്രൂപ്പ് ബി ഉള്ളവര്‍ക്ക് സാധിക്കും.

കഴിക്കാന്‍ പാടില്ലാത്തവ- ചുവന്ന മാംസം ധാരാളം കഴിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും കോഴി, താറാവ്, ടര്‍ക്കി, പന്നി എന്നിവയുടെ മാംസം അഭികാമ്യമല്ല. സോയാബീന്‍ ഒരു കാരണവശാലും ബി രക്തഗ്രൂപ്പ് ഉള്ളവര്‍ കഴിക്കരുത്.

രക്തഗ്രൂപ്പ്- ഒ

കഴിക്കേണ്ടവ- മാംസ്യം അഥവാ പ്രോട്ടീന്‍ കൂടുതലുള്ളതും അന്നജം കുറവുള്ളതുമായ ഭക്ഷണമാണ് ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ ശീലമാക്കേണ്ടത്. കൂടാതെ, ധാരാളമായി വ്യായാമം ചെയ്യുകയും വേണം. വിറ്റാമിന്‍ ബി12, കാല്‍സ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള വെള്ള മാംസം കഴിക്കണം. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മല്‍സ്യങ്ങള്‍ ധാരാളം കഴിക്കണം. ഇതുവഴി വിഷാദം, ഹൃദ്രോഗം, അല്‍ഷിമേഴ്‌സ് എന്നിവ ചെറുക്കാനാകും. പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ള ഉള്ളി, സവാള എന്നിവയും കഴിക്കണം. ഇത് മാനസികാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. കാബേജ് ധാരാളമായി കഴിച്ചാല്‍ ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് ക്യാന്‍സര്‍ പ്രതിരോധിക്കാനും ശരീരഭാരം കുറയ്‌ക്കാനും സാധിക്കും.

കഴിക്കാന്‍ പാടില്ലാത്തവ- അന്നജം ധാരാളമായി അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് വളരെ കുറയ്‌ക്കണം. ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ മുട്ട ധാരാളമായി കഴിക്കുന്നതും അഭികാമ്യമല്ല. അവോക്കാഡോ പോലെ ഉയര്‍ന്ന കൊഴുപ്പ് ഉള്ള പഴങ്ങളും ഒഴിവാക്കണം. ഏറ്റവുമധികം കീടനാശിനി വലിച്ചെടുക്കുന്ന വെള്ളരി പോലെയുള്ളവയും ഒഴിവാക്കണം. വേനല്‍ക്കാല പഴമായ തണ്ണിമത്തനും ഒ രക്തഗ്രൂപ്പ് ഉള്ളവര്‍ ഒഴിവാക്കേണ്ടതാണ്.