കണ്‍തടങ്ങളിലെ കറുപ്പുനിറം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..

പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പു നിറം വരാം. കണ്‍തടങ്ങളിലെ കറുപ്പുനിറം ഏറെ അലട്ടുന്നതു പെണ്‍കുട്ടികളെയാണ്. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഡാര്‍ക്ക് സര്‍ക്കിളുകള്‍ ഉണ്ടാക്കും. 

പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. സമയം കണ്ടെത്തി കഴിയുന്നതും കൃത്യസമയത്ത് ഉറങ്ങി കൃത്യസമയത്ത് എഴുന്നേല്‍ക്കുക. എന്നും മുടങ്ങാതെ വ്യായാമം ചെയ്യുന്നതു വഴി സ്ട്രെസ് മൂലമുള്ള ഡാര്‍ക്ക് സര്‍ക്കിള്‍ അകറ്റാം. ബ്രീത്തിങ് എക്സര്‍സൈസുകളും ഒപ്പം ശീലിക്കുക. 

ഡാര്‍ക്ക് സര്‍ക്കിള്‍ മാറ്റാനായി പുറമേ നിന്നും കണ്ണില്‍ കണ്ട ക്രീമുകള്‍ വാരി തേച്ചു പുലിവാല്‍ പിടിക്കുന്നവര്‍ ധാരാളം. കണ്ണിനു താഴെയുള്ള കറുപ്പു നിറമകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ:

• വെള്ളരിക്ക നീര് കണ്ണിനു താഴെ പുരട്ടി പതിനഞ്ചു മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. 

• വെള്ളരിക്കനീരും ഉരുളക്കിഴങ്ങുനീര്, നാരങ്ങനീര് സമം ചേര്‍ത്ത് കണ്ണില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറുപ്പുനിറം വേഗം മാറും.

• തക്കാളിനീരു പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പു നിറമകറ്റും.

• കണ്ണ് ഇളം ചൂടുവെള്ളത്തില്‍ കഴുകിയ ശേഷം നല്ല തണുത്ത വെള്ളം കൊണ്ട് വീണ്ടും കഴുകുക. കണ്ണിന്റെ തളര്‍ച്ച മാറിക്കിട്ടും.

• കണ്ണടച്ചു പിടിച്ചു തണുത്ത വെള്ളമോ തണുത്ത പാലോ പുരട്ടി ഇരിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. കണ്ണിനു നല്ല ഉണര്‍വു ലഭിക്കും. 

• കോട്ടണ്‍ തുണിയോ പഞ്ഞിയോ നല്ല കട്ടിയില്‍ മുറിച്ചെടുക്കുക. ഇത് പനിനീരില്‍ മുക്കി അടഞ്ഞ കണ്ണിനു മുകളില്‍ വച്ചു കിടക്കുക. കണ്ണിനു താഴെയുള്ള പാടുകള്‍ മാറും എന്നു മാത്രമല്ല നല്ല ഉന്മേഷവും കിട്ടും. 

• നന്നായി തണുത്ത കട്ടന്‍ ചായ പഞ്ഞിയില്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറും.