ഈ അറിവ് കണ്ടില്ല എന്ന് വയ്ക്കരുത്. ഇത്തരം അറിവുകൾ അല്ലെ ദിവസം ഒരു നേരമെങ്കിലും അറിയേണ്ടത്. കൂട്ടുകാർക്ക് ഷെയർ ചെയ്യൂ…

മൂത്രത്തിന്റെ അളവ് കുറയുക, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ, മുഖത്തും കാൽപ്പാദങ്ങളിലും നീരുണ്ടാകുക, മൂത്രമൊഴിക്കുമ്പോൾ പതയുണ്ടാകുക, വാരിയെല്ലിനു കീഴ്ഭാഗത്തായി പുറംവേദന, മൂത്രത്തിൽ രക്തം കലരുക തുടങ്ങിയവയാണ് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

നെഫ്രൈറ്റിസ്
വൃക്കയിലുണ്ടാകുന്ന നീർവീക്കം, എസ്.എൽ. ഇ പോലെയുള്ള പ്രതിരോധ വ്യവസ്ഥയുടെ തകരാറുകൾ കാരണമാകാം. നെഫ്രോണുകൾക്ക് കേടുവരുന്നതിനെ തുടർന്ന് പ്രോട്ടീൻ, രക്താണുക്കൾ എന്നിവ മൂത്രത്തിലൂടെ നഷ്ടമാവുന്നു. തലവേദന, ഓക്കാനം, ഛർദ്ദി, മുഖത്തും കൈകാലുകളിലും നീര് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ, നെഫ്രോണുകളിലെ രക്തക്കുഴലുകളുടെ കൂട്ടമായ ഗ്ലോമറുലെസിനെ ബാധിക്കുന്ന നീർക്കെട്ടാണ് ഗ്ലോമറുലോ നെഫ്രൈറ്റിസ്. കുട്ടികളിൽ കൂടുതലായി കണ്ടു വരുന്ന ഈ രോഗം ബാക്ടീരിയൽ അണു ബാധമൂലമുണ്ടാകാം. മൂത്രനാളിയിലുണ്ടാകുന്ന അണുബാധ ക്രമേണ വൃക്കകളെ ബാധിക്കുന്നതാണ്. പൈലോ നെഫ്രൈറ്റിസ് സ്ത്രീകളിൽ കൂടുതലായി കണ്ടു വരുന്നു. 

നെഫ്രോട്ടിക്  സിൻ‍ഡ്രോം
മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെടുന്ന അവസ്ഥ. കുട്ടികളിലാണ് കൂടുതലായി കണ്ടു വരുന്നത്. രക്തത്തിലെ  ആൽബുമിന്റെ അളവ് കുറയുന്നു. വയറ്റിലും മുഖത്തും കാൽപ്പാദങ്ങളിലും നീരുണ്ടാകുന്നു. മൂത്രമൊഴിക്കുമ്പോൾ പതയുമുണ്ടാകാം. 

അക്യൂട്ട് റീനൽഫെയിലർ
വൃക്കകളുടെ പ്രവർത്തനം പൊടുന്നനെ തകരാറിലാകുന്ന അവസ്ഥ. തുടർച്ചയായുള്ള രക്തസ്രാവം, ഛർദ്ദി–അതിസാര രോഗങ്ങൾ, പൊള്ളൽ, ഹൃദയസ്തംഭനം, വേദനാസംഹാരികളുടെ അമിത ഉപയോഗം, നെഫ്രൈറ്റിസ്, വൃക്കധമനികളുടെ തകരാറുകൾ, മൂത്രനാളിയിലും മൂത്രസഞ്ചിയിലുമുണ്ടാകുന്ന തടസ്സങ്ങൾ തുടങ്ങിയവ പെട്ടെന്നുള്ള വൃക്കസ്തംഭനത്തിന് കാരണമാകും. മൂത്രത്തിന്റെ അളവ് തീരെ കുറയുക, രക്തത്തിലെ യൂറിയ, ക്രിയാറ്റിനിൻ എന്നിവയുടെ അളവ് കൂടുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ക്രോണിക് കിഡ്നി ഡിസീസ്
വൃക്കകളുടെ പ്രവർത്തനം സാവധാനം തകരാറിലാകുന്ന അവസ്ഥ. പ്രമേഹം, ഹൈപ്പർടെൻഷൻ, വൃക്കകൾക്കുണ്ടാകുന്ന തുടർച്ചയായ രോഗാണുബാധ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, രോഗാണുബാധ, മൂത്രനാളിയിലെ തടസ്സങ്ങൾ എന്നിവ കാരണമാകാം. മൂത്രത്തിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുക, ക്ഷീണം, വിശപ്പില്ലായ്മ, മനം പിരട്ടൽ, ഛർദ്ദി, കൈകാലുകളില്‍ നീർക്കെട്ട്, വിളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ഡയബെറ്റിക് നെഫ്രോപ്പതി
പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗം. പ്രമേഹമുണ്ടായി 10–15 വര്‍ഷം കഴിയുമ്പോഴാണ് വൃക്കരോഗം പ്രത്യക്ഷപ്പെടുന്നത്. മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയാണ് മൈക്രോ ആൽബുമിനൂറിയ. തുടർന്ന് പ്രമേഹം നിയന്ത്രിച്ചില്ലെ ങ്കിൽ കൂടുതൽ ഗ്ലോമറുലകൾക്ക് നാശമുണ്ടായി ആൽബുമിൻ കൂടുതലായി മൂത്രത്തിലൂടെ പോകുന്ന അവസ്ഥയുണ്ടാകും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ വൃക്കസ്തംഭനമുണ്ടാകാം.  

വൃക്കരോഗങ്ങൾ തടയാൻ

∙ പ്രമേഹം പൂർണമായും നിയന്ത്രണവിധേയമാക്കുക. കൃത്യമായ ഇടവേളകളിൽ രക്തത്തിലെ ഷുഗർ നിലയും കിഡ്നി ഫങ്ഷൻ ടെസ്റ്റുകളും നടത്തുക. 

∙ രക്തസമ്മര്‍ദം നോർമലായി നിലനിർത്തുക. വർഷത്തിൽ രണ്ടു തവണയെങ്കിലും ബി.പി. പരിശോധിച്ചറിയുക. ഹൈപ്പർ ടെൻഷനുള്ളവർ പ്രതിമാസ ബി.പി. പരിശോധന നടത്തണം.

∙ വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കുക. 

∙ ഉപ്പിന്റെ  ഉപയോഗം പരമാവധി കുറയ്ക്കുക. ഉപ്പിലിട്ട ഇനങ്ങൾ, വറവു പലഹാരങ്ങൾ, ഉപ്പൊഴിച്ച് കഴിക്കുക എന്നിവ ഒഴിവാക്കുക.

∙ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. 

∙ കൃത്യമായി വ്യായാമം ചെയ്ത് ശരീരഭാരം നിയന്ത്രിച്ചു നിർത്തുക, പൊണ്ണത്തടി വരാതെ നോക്കണം. 

∙ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.

∙ വേദനസംഹാരികളുടെ അമിത ഉപയോഗവും ദുരുപയോഗവും ഒഴിവാക്കുക. 

∙ ഡോക്ടറുടെ നിർദേശാനുസരണമല്ലാതെ ഒരു മരുന്നും ഉപയോഗിക്കരുത്. 

∙ വൃക്കയിലും മൂത്രനാളിയിലും കല്ലുണ്ടെങ്കിൽ ചികിത്സിച്ചു മാറ്റുക.

∙ മാനസിക പിരിമുറുക്കം ഒഴിവാക്കി ജീവിക്കാൻ ശീലിക്കുക. വിശ്രാന്തിക്കായി യോഗ, ധ്യാനം എന്നിവ പരിശീലിക്കുക.

Leave a Comment