കൊച്ചി എളമക്കരയിൽ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റിൽ കണ്ടെത്തി. മാക്കാപ്പറമ്പ് എന്ന സ്ഥലത്തുനിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. പ്രസവശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. 24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് കായലിന്‍റെ കൈവരി ഒഴുകുന്നുണ്ട്. കായലിൽ നിന്ന് ഒഴുകി വന്നതാണ് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാക്കാപറമ്പ് ഭാഗത്ത് കായലിലൂടെ ഒഴുകിവന്ന ബക്കറ്റും അതിനുള്ളിലെ മൃതദേഹവും പ്രദേശവാസികളായ ചില കുട്ടികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ മാതാപിതാക്കളെ അറിയിക്കുയും പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. രണ്ട് സംശയങ്ങളാണ് പൊലീസിന് മുന്നിലുള്ളത്.
പ്രസവശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാവാം എന്ന സാധ്യതയുണ്ട് എന്നൊരു നിഗമനമാണ് പൊലീസ് പറയുന്നത്. രണ്ടാമത്തേത്, പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്. അങ്ങനെ സംഭവിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷിക്കുമെന്ന് എളമക്കര പൊലീസ് പറഞ്ഞു