കൊറോണയ്ക്ക് ചികിത്സിക്കാൻ മലേറിയ മരുന്ന് സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്ന് ഡൊണാൾഡ് ട്രംപ്

കോവിഡ് 19 രോഗത്തെ ചികിത്സിക്കാൻ മലേറിയയ്ക്കുള്ള മരുന്ന് സഹായിക്കുമെന്ന അവകാശവാദത്തെ പിന്തുണച്ചു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് നടത്തിയ പ്രസംഗത്തിൽ ട്രംപ് വീണ്ടും മലേറിയ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിനെ പിന്തുണച്ചു സംസാരിച്ചു. ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന ശാസ്ത്രീയ പഠനത്തെക്കുറിച്ചുള്ള കുറിപ്പും ട്രംപ് ട്വിറ്ററിൽ റീട്വീറ്റ് ചെയ്തു.

ഫ്രാൻസിൽ, കോവിഡ് രോഗികൾക്ക് മലേറിയ മരുന്നുകൾ ഫലപ്രദമായി ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് യുഎസ് ഏജൻസി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു. വിദഗ്ദ്ധരായ ഡോക്ടർമാരും ഇക്കാര്യത്തിൽ സംശയത്തിലാണ്. മരുന്ന് കൊറോണയെ മാറ്റുന്നതാകാമെന്ന് ട്രംപ് അവകാശപ്പെടുന്നു. ഈ മരുന്ന് എത്രയും വേഗം ലഭിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉള്ളതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

മരണ സംഖ്യ കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് രോഗമുള്ള രോഗികൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ നൽകിവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ 13,000 ത്തിൽ അതികം മരണനിരക്ക് കടന്നു. എന്നാൽ മരുന്ന് കൊടുത്തതിലൂടെ രോഗം ബേധമാക്കി എന്നതിന് ഇപ്പോൾ കാര്യമായ തെളിവുകൾ പറയാനില്ല. ഈ മരുന്ന് വിപണിയിലും വിലകുറഞ്ഞതാണ്. യുഎസ് ഗവേഷകർ ഈ മരുന്നിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ” ഇത് കാര്യക്ഷമമായി പ്രവർത്തിക്കുമോ എന്ന് ഞങ്ങൾ താമസിയാതെ കണ്ടെത്തും. എനിക്ക് ആത്മവിശ്വാസമുണ്ട്” ട്രംപ് കൂട്ടിച്ചേർത്തു.