കൊറോണയ്ക്ക് പുതിയ മരുന്ന് വികസിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഗവേഷകർ.. പ്രതീക്ഷയോടെ ലോകം

ഭീതി പരത്തി പടർന്നു പിടിച്ച കൊറോണ വൈറസ് ഭേദമാക്കുന്നതിനുള്ള മരുന്നു വികസിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണ് ജാപ്പനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടക്കേഡ ഫാർമസ്യൂട്ടിക്കൽ കോ. കൊറോണ വൈറസ് ബാധിച്ചശേഷം ഭേദമായവരിൽനിന്നുള്ള രക്ത സാംപിളുകൾ ശേഖരിച്ചാണ് കമ്പനി പരീക്ഷണം നടത്തുന്നത്. വൈറസിനെ തടയാനുള്ള ആന്റി ബോഡി ഇവരിൽ ഉൽപാദിക്കപ്പെട്ടിട്ടുണ്ടാകാം എന്നതിനാലാണ് ഇത്തരത്തിലൊരു മാർഗ്ഗം സ്വീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മരുന്ന് ഉടൻ വിപണിയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ടക്കേഡാ വാക്സിൻ ബിസിനസ് മേധാവി രാജീവ് വെങ്കയ്യ പറഞ്ഞു. പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റു കമ്പനികളുടെ സഹായം തേടുമെന്നും ടക്കേഡ വ്യക്തമാക്കി. പരീക്ഷണം സംബന്ധിച്ച് യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിവിധ ആരോഗ്യ സംഘനകളും ഏജൻസികളുമായും യുഎസ് കോൺഗ്രസിലെ അംഗങ്ങളുമായും ചർച്ച നടത്തുമെന്നു കമ്പനി അറിയിച്ചു.