കൊറോണ കാലത്ത് ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഡോ. സൽമാൻ വിശദീകരിക്കുന്നു..

പ്രധാനമായും ഹൃദയധമനികളില്‍ ബ്ലോക്കുള്ളവരും ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസ് സര്‍ജറിയോ കഴിഞ്ഞവരുമാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. എന്തെന്നാല്‍, കൊവിഡ് 19 വൈറസ് ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇവരുടെ ധമനികളിലുള്ള ബ്ലോക്ക് ശക്തമായേക്കാം. 

ഇതിന് പുറമെ ഹൃദയത്തിലെ മാംസപേശികളെ അപായപ്പെടുത്താനും വൈറസ് ബാധ കാരണമാകും. ഇത് വൈറല്‍ അണുബാധകളിലെല്ലാം സംഭവിക്കുന്നതാണ്. അതുപോലെ ഹൃദ്രോഗമില്ലാത്തവരിലും സംഭവിക്കാം. എന്നാല്‍ ഹൃദ്രോഗമുള്ളവരെ സംബന്ധിച്ച് ഇത് കൂടുതല്‍ ഭീഷണിയാകുന്നുവെന്ന് മാത്രം. 

ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍…

വീടിന് പുറത്തിറങ്ങാതിരിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നത് തന്നെയാണ് പ്രധാനമായും ഈ ഘട്ടത്തില്‍ ഹൃദ്രോഗമുള്ളവര്‍ ചെയ്യേണ്ടത്. വീട്ടിലുള്ളവരാണെങ്കില്‍ കൂടി, അവര്‍ പുറത്ത് പോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക. കാരണം, രോഗം ബാധിച്ചില്ലെങ്കില്‍പ്പോലും രോഗവാഹകരാകാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് കുട്ടികള്‍. 

കുട്ടികളില്‍ എളുപ്പത്തില്‍ കൊവിഡ് 19 പിടിപെടുന്നില്ല. എന്നാല്‍ അവര്‍ക്ക് വൈറസിന്റെ വാഹകരാകാം. അവരിലൂടെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലേക്കും പ്രായമായവരിലേക്കും വൈറസ് എത്തിയേക്കാം. പക്ഷേ, കുട്ടികളെപ്പോലെ രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുതിര്‍ന്നവര്‍ക്കോ ആരോഗ്യം കുറഞ്ഞവര്‍ക്കോ സാധിക്കണമെന്നില്ല.

അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ്, ജീവിതശൈലി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ പ്രത്യേകം ഡയറ്റും വ്യായാമവും നിര്‍ദേശിക്കാറുണ്ട്. ഇത് കൃത്യമായി പാലിക്കാന്‍ ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കണം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് അധികവും കഴിക്കേണ്ടത്. എന്നാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉറപ്പുവരുത്തുകയും വേണം.

കൊറോണ വൈറസ് (Coronavirus) ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? Dr. Salman Salahuddin (Senior Consultant Cardiologist at Aster MIMS Calicut) വിശദീകരിക്കുന്നു..