കൊറോണ ഭയം: ചിക്കനു പകരം ചക്ക ! ബിരിയാണിയിൽ ഇപ്പോൾ ഇതാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.

കൊറോണ വൈറസ് ബാധയും പക്ഷിപ്പനിയുമെല്ലാം വിപണിയില്‍ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴിയിറച്ചിയുടെ വില കൂപ്പു കുത്തുകയും ഹോട്ടലുകളിലടക്കം മാംസവിഭവങ്ങള്‍ ലഭ്യമല്ലാതാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുന്നില്ലെങ്കിലും ഭീതി കാരണം മാംസാഹാരത്തോട് ജനങ്ങള്‍ക്ക് വിമുഖതയാണുള്ളത്; പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍.

ഉത്തര്‍പ്രദേശിലെ വിപണിയില്‍ ഒരു ഭക്ഷ്യവസ്തുവിന് അടുത്തിടെയായി  അസാധാരണമായ വിലക്കയറ്റമാണ്. മറ്റൊന്നുമല്ല, ചക്കയാണ് ആ ഭക്ഷ്യവസ്തു. കൊറോണ വൈറസ് കാരണം ആട്ടിറച്ചിയും കോഴിയിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഇതിന് പകരമായി ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുവായി ചക്ക പ്രാധാന്യം നേടിയിരിക്കുന്നത്. ബിരിയാണി അടക്കമുള്ളവയ്ക്ക് ചക്കയാണ് ഇപ്പോള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.

ലക്‌നൗവില്‍ ഇപ്പോള്‍ ഒരു കിലോ  ചക്കയുടെ വില 120 രൂപയാണെന്ന് വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണ പരമാവധി 50 രൂപ വരെയായിരുന്നു നഗരത്തില്‍ ഒരു കിലോ ചക്കയുടെ വില. ഇതാണ് പൊടുന്നനെ വര്‍ധിച്ചിരിക്കുന്നത്. മാത്രമല്ല, ആവശ്യം ഏറിയതോടെ വിപണിയില്‍ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ആവശ്യക്കാരില്ലാത്തതിനാല്‍ കോഴിയിറച്ചിയുടെ വില 80 രൂപയായി താഴ്ന്നു.

മട്ടണ്‍ ബിരിയാണിക്ക് പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഉപയോഗിക്കുന്നതെന്ന് പൂര്‍ണിമ ശ്രീവാസ്തവ എന്ന വീട്ടമ്മ പറയുന്നു. താരതമ്യേന മികച്ച രുചിയാണ് ചക്ക ബിരിയാണിക്ക്. കടകളില്‍ ചക്ക കിട്ടാനില്ലെന്നത് മാത്രമാണ് ആകെയുള്ള പ്രശ്‌നമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി മാംസഭക്ഷണം ഉപയോഗിച്ചിരുന്ന ഇവരുടെ കുടുംബം കൊറോണ ഭീതിയെ തുടര്‍ന്നാണ് സസ്യഭക്ഷണത്തിലേയ്ക്ക് മാറിയത്.

കൊറോണ ഭീതി ഉത്തരേന്ത്യയിലെ ഇറച്ചിക്കോഴി വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പക്ഷികള്‍ മുഖേന കൊറോണ വൈറസ് പകരുമെന്ന തെറ്റിദ്ധാരണയാണ് ജനങ്ങള്‍ കോഴിയിറച്ചി ഉപേക്ഷിക്കാന്‍ കാരണം. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനും ജനങ്ങളെ കോഴിയിറച്ചിയിലേയ്ക്ക് തിരികെ എത്തിക്കുന്നതിനും ഇറച്ചിക്കോഴി കര്‍ഷകരുടെ സംഘടന അടുത്തിടെ ഗോരഖ്പുരില്‍ ചിക്കന്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വലിയ പ്രയോജനം ഉണ്ടായില്ല.

കോഴിയിറച്ചി മാത്രമല്ല, ആട്ടിറച്ചി, മത്സ്യം എന്നിവയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.

Leave a Comment