വായുവിലൂടെ പകരുന്ന രോഗങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് മാസ്‌ക് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങി വന്നവരും രോഗബാധിതരെ പരിചരിക്കുന്നവരും പ്രതിരോധത്തിനായി മാസ്‌കുകള്‍ ധരിക്കുന്നതാണ് നല്ലത്.
എങ്ങനെ ധരിക്കണം
- മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിനു മുകളിലും താടിക്കു താഴ്ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ ഭാഗത്തെ കെട്ടും (ചെവിക്കു മുകളില്‍) രണ്ടാമത് താഴ്ഭാഗത്തെ (ചെവിക്കു താഴെ കൂടി കഴുത്തിന് പുറകില്‍) കെട്ടും ഇടുക.
- മിക്കവാറും മാസ്‌കുകളില്‍ നിറമുള്ള ഭാഗം പുറത്തേക്കും വെളുത്ത നിറത്തിലുള്ള ഭാഗം മുഖത്തോടും ചേര്‍ന്നിരിക്കുന്ന രീതിയിലുള്ളതാകും. ഇത് ശ്രദ്ധിച്ച് വേണം മാസ്‌ക് ധരിക്കാന്‍.
- മാസ്‌ക് ധരിച്ച ശേഷം മാസ്‌കിന്റെ മുന്‍വശങ്ങളില്‍ തൊടരുത്.
- മാസ്‌ക് ധരിച്ച ശേഷം മൂക്കിനു മുകളില്‍ വരുന്ന ഭാഗം ചേര്‍ത്ത് വയ്ക്കണം.
- നനവ് ഉണ്ടായാലോ, മാസ്‌ക് വൃത്തിഹീനമായെന്ന് തോന്നിയാലോ ഉടന്‍ തന്നെ അത് മാറ്റണം.
- ഒരു കാരണവശാലും മാസ്‌ക് കഴുത്തിലേക്ക് താഴ്ത്തുകയോ മൂക്കിനു താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.
- മാസ്‌ക് ധരിച്ചു തുടങ്ങുന്നതിനു മുന്‍പ് തന്നെ അതിന് കേടുപാടുകള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തണം.
അഴിച്ചുമാറ്റുമ്പോള്‍
- മാസ്‌ക് അഴിച്ചു മാറ്റുമ്പോള്‍ ആദ്യം താഴ്ഭാഗത്ത് കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും അഴിച്ച ശേഷം മാസ്‌കിന്റെ മുന്‍വശത്ത് സ്പര്‍ശിക്കാതെയും നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെയും സൂക്ഷിക്കുക.
- ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
- ഉപയോഗിച്ച മാസ്‌ക് കത്തിച്ചു കളയുകയോ ബ്ലീച്ചിങ്് ലായനിയില്‍ ഇട്ടു അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക.
- മാസ്‌ക് ധരിക്കുന്നതിനു മുന്‍പും, മാസ്‌ക് അഴിച്ചു മാറ്റിയ ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക