കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിക്കാണ് രോഗബാധ. ചൈനയില്‍നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. രോഗിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
മാസ്ക് ഉപയോഗിക്കുന്നത് രോഗത്തെ പൂര്‍ണമായും തടയാനല്ല, രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരുന്നത് നിയന്ത്രിക്കാനാണ്.എന്നാല്‍ മാസ്ക് ഉപയോഗിക്കുമ്പോഴും വേണം ഏറെ ശ്രദ്ധ. ആര്, എപ്പോള്‍, എങ്ങനെ ഉപയോഗിക്കണം മാസ്ക്?
ഇതിനായി N95 മാസ്ക് ഉപയോഗിക്കുക.


കൊറോണ രോഗികളും രോഗമുണ്ടെന്ന് സംശയിക്കുന്നവരും കൊറോണ രോഗികളുമായി/രോഗമുണ്ടെന്ന് സംശയിക്കുന്നവരുമായി ഇടപഴകുമ്പോള്‍.
- രോഗികളുമായി സമ്പര്‍ക്കമുള്ളവരുമായി ഇടപഴകുമ്പോള്‍
- ആള്‍ക്കൂട്ടങ്ങളില്‍ തുടര്‍ച്ചയായി നില്‍ക്കേണ്ടിവരുമ്പോള്‍
- ആള്‍ത്തിരക്കുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍
- ആശുപത്രിയില്‍ രോഗിയെ കാണുമ്പോള്‍
മാസ്ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
- ഒരു മാസ്‌ക് ആറ് മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്
- മാസ്‌കില്‍ കൈകൊണ്ട് തൊടരുത്
- മുഖാവരണം വേണ്ടിടത്ത് മാത്രം ഉപയോഗിക്കുക
- വൈറസ് ബാധയ്ക്ക് സാധ്യതയുള്ളിടത്ത് ഉപയോഗിച്ച മാസ്‌ക് ഉടന്‍ ഒഴിവാക്കണം
- ആവശ്യം കഴിഞ്ഞാല്‍, പ്ലാസ്റ്റിക് ബാഗില്‍ മുറുക്കികെട്ടി വീട്ടില്‍ കൊണ്ടുവരിക
- കത്തിച്ചോ ആഴത്തില്‍ കുഴിച്ചിട്ടോ സംസ്‌കരിക്കണം
- കൊറോണ രോഗികള്‍/രോഗം സംശയിക്കുന്നവര്‍ മെഡി. കോളേജിലേക്ക് വരുംവഴി ഉപയോഗിച്ച കൈയുറകളും മാസ്‌കുകളും കരുതുക.
- മെഡിക്കല്‍ കോളേജില്‍ ഇവ കത്തിക്കാനുള്ള ഇന്‍സിനേറ്റര്‍ സൗകര്യമുണ്ട്
കൈകളും ശുദ്ധമായിരിക്കട്ടെ
- മുഖാവരണം ധരിക്കാനുള്ള അത്രയും ശ്രദ്ധ കൈകളുടെ കാര്യത്തിലും വേണം
- ഓരോ സാഹചര്യത്തിലും കൈകള്‍ ശരിയാംവണ്ണം കഴുകണം
- ഉപയോഗിച്ച കൈയുറകള്‍ അപ്പപ്പോള്‍ ഒഴിവാക്കണം
കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍
ചൈനയിലേക്ക് ആരും പോകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
ചൈനയിലുള്ള ഇന്ത്യക്കാര്‍ തങ്ങളുടെ ആരോഗ്യനില പരിശോധിക്കണം.
പുണെ, ആലപ്പുഴ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പരിശോധനാസംവിധാനം സജ്ജം.
ഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവരവിനിമയ കേന്ദ്രം തുറന്നു. 011-23978046 ആണ് നമ്പര്‍.
കേന്ദ്ര ആരോഗ്യമന്ത്രാലയ സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ് കുമാര്‍ ബുധനാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി ചര്‍ച്ചനടത്തി.
നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാർ, പശ്ചിമബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
വിമാനത്താവളങ്ങളില്‍ ആംബുലന്‍സുകള്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. 24 മണിക്കൂറും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കി.
ആശുപത്രികളില്‍ ഐസലോഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വ്യക്തിപരമായ സംരക്ഷണ ഉപകരണങ്ങളും മുഖാവരണങ്ങളും തയ്യാറാണ്. ഇതേക്കുറിച്ചുള്ള കണക്കുകള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.