കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട 4 കാര്യങ്ങൾ . നിപ്പ ചെറുക്കാൻ മുൻപിൽ പ്രവർത്തിച്ച ഡോ. അനൂപ് വിശദീകരിക്കുന്നു

കൊറോണ ഒരു ആര്‍എന്‍എ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം, ശ്വാസംമുട്ട് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് ആറ് മുതല്‍ 10 ദിവങ്ങള്‍ വരെ എടുക്കാം.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പു വരുത്തുന്നത്. പിസിആര്‍, എന്‍എഎടി എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍.

ഈ പുതിയ ഇനമടക്കം ഏഴു തരം കൊറോണ വൈറസുകളാണ് മനുഷ്യനില്‍ നിലവില്‍ രോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. ഇതൊരു പുതിയ ഇനം വൈറസായതുകൊണ്ട് തന്നെ, അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷം കാര്യക്ഷമമായ വാക്‌സിന്‍ ലഭ്യമാകാന്‍ ഏതാനും മാസങ്ങളോ, വര്‍ഷങ്ങളോ വേണ്ടി വരും.

Leave a Comment