കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കൊറോണ വൈറസിനെ (Corona Virus ) പ്രതിരോധിക്കാൻ നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ – കോട്ടക്കൽ ആസ്റ്റർ മിംസിലെ Dr. Nizab (Senior Consultant Physician) വിശദീകരിക്കുന്നു.

1. പോഷകാഹാരം അടങ്ങിയ ഭക്ഷണം കഴിക്കുക. 2. ദിവസവും 30 മിനിറ്റ് എങ്കിൽ വ്യായാമം ചെയ്യുക 3. ലഹരി ഉപയോഗം പൂർണമായും ഒഴിവാക്കുക 4. ദിവസവും ചുരുങ്ങിയത് 6 മണിക്കൂർ ഉറങ്ങുക 5. പ്രമേഹം പ്രഷർ എന്നിവ നല്ല രീതിയിൽ നിയന്ത്രിക്കുക 6. ടെൻഷൻ ഒഴിവാക്കുക 7. ശുചിത്വം പാലിക്കുക.

ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും വ്യാപകമായതോടെ ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ ആശങ്കയല്ല ജാഗ്രതയാണ് ആവശ്യമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒപ്പം നിരവധി പ്രതിരോധ മാർഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വെള്ളം ധാരാളമായി കുടിക്കുക എന്നതുതന്നെയാണ് മിക്ക അസുഖങ്ങളെയും ഇല്ലാതാക്കാനുള്ള എളുപ്പമാർഗം. ദിവസവും രാവിലെ വെറും വയറ്റിൽ ചെറു ചൂട് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശത്തെ ഇല്ലാതാക്കും.

വിറ്റാമിൻ സി നിറഞ്ഞതാണ് നാരങ്ങാവെള്ളം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിച്ചാൽ ശരീരത്തിൽ ഉള്ള വിഷാംശങ്ങൾ പുറന്തള്ളുകയും ശരീരത്തിലെ പി എച്ച് ലെവൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന് കൂടുതൽ ഊർജം ലഭിക്കാൻ സഹായകമാകും.

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം ഈ ദിവസങ്ങളിൽ ധരാളമായി കഴിക്കണം. സമീകൃത ആഹാരം, കൃത്യമായ ഉറക്കം, വ്യായാമം എന്നിവ നിർബന്ധമായും ശീലമാക്കണം. വൈറ്റമിൻ സി ധരാളമടങ്ങിയ ഓറഞ്ച്, പച്ചച്ചീര, ബ്രോക്കോളജി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നട്സ്, മത്സ്യം എന്നിവയ്ക്ക് പുറമെ ഇഞ്ചി, മഞ്ഞൾ, വെളുത്തുള്ളി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഈ ദിവസങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് വ്യക്തിത്വ ശുചിത്വത്തിന്റെ കാര്യത്തിലാണ്. കൈയും മുഖവും വൃത്തിയായി ഇടയ്ക്കിടെ കഴുകണം. പ്രത്യേകിച്ച് ഭക്ഷണങ്ങൾ കഴിക്കുന്നതിന് മുൻപും ഉണ്ടാക്കുന്നതിന് മുൻപും. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം. അതോടൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടി വരുന്നവർ ആ സ്ഥലത്തെ ശുചിത്വം ഉറപ്പുവരുത്തണം.

എപ്പോഴും സ്പർശിക്കുന്ന സ്ഥലങ്ങളും സാധനങ്ങളും തുടച്ച് വൃത്തിയാക്കണം. ഈ സ്ഥലങ്ങളിൽ ബാക്ടീരിയ, വൈറസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാൽ ഫോൺ അടക്കമുള്ള എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ ഇടക്കിടെ തുടച്ച് വൃത്തിയാക്കണം.