കൊറോണ വൈറസിന് 37 ദിവസം വരെ ശരീരത്തില്‍ വസിക്കാന്‍ സാധിക്കും; പുതിയ പഠന റിപ്പോർട്ട്

സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ് (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്നത്.

സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം ‘ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ ‘ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് കൊറോണ വൈറസിന് ചില രോഗികളിൽ അഞ്ചാഴ്ച അതായതു മുപ്പത്തിയേഴ് ദിവസം വരെ ഒരാളുടെ ശ്വാസനാളിയില്‍ വസിക്കാന്‍ കഴിയുമെന്നാണ്. കൊറോണ ബാധിച്ച ചില രോഗികളെ പരിശോധിച്ചതില്‍ നിന്നാണ് ഇത് വ്യക്തമായത് എന്ന് ലേഖനത്തില്‍ പറയുന്നു. പത്തൊന്‍പതു ഡോക്ടർമാരുടെ സംഘം ഗവേഷകര്‍ 191 രോഗികളെ നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇതില്‍ 54 രോഗികള്‍ മരണപ്പെട്ടിരുന്നു.

സിവിയര്‍ ഡിസീസ് സ്റ്റാറ്റസ് ഉള്ള രോഗികളില്‍ വൈറസ് 19 ദിവസവും ക്രിട്ടിക്കല്‍ ഡിസീസ് സ്റ്റാറ്റസ് ഉള്ള രോഗികളില്‍ 24 ദിവസവും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏറ്റവും കുറവായി രോഗിയില്‍ കൊറോണ വൈറസ് നിലനിന്നതായി രേഖപ്പെടുത്തിയത് എട്ടു ദിവസമാണ്. എന്നാല്‍ 37 ദിവസം വരെ വൈറസ് രോഗികളില്‍ നിലനിന്നിരുന്നു എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്