കൊറോണ വൈറസ് പകരുന്നത് എങ്ങനെ തടയാം..പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണം?

സാധാരണ ജലദോഷപ്പനി മുതല്‍ സാര്‍സ്(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം), ന്യൂമോണിയ എന്നിവ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍ എന്ന് പൊതുവേ അറിയപ്പെടുന്നത്. ഇവ ആര്‍.എന്‍.എ. വൈറസ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. 1960-കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേര് വന്നത്. 

പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഇവ രോഗമുണ്ടാക്കാറുണ്ട്. ഈ വൈറസ് അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറുമുണ്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാല്‍ ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്.  2002-2003 കാലത്ത് ചൈനയില്‍ പടര്‍ന്നുപിടിച്ച് 776 പേരുടെ ജീവനെടുത്ത സാര്‍സ്, 2012-ല്‍ സൗദി അറേബ്യയില്‍ 858 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ മെര്‍സ് എന്നീ പകര്‍ച്ചവ്യാധികള്‍ കൊറോണ വൈറസ് മൂലം ഉണ്ടായതാണ്. ഇപ്പോള്‍ ലോകമാകെ വ്യാപിച്ചിരിക്കുന്ന കോവിഡ്-19 ആദ്യമായാണ് മനുഷ്യരില്‍ കാണുന്നത്. 

ഏതാണ്ട് അമ്പതോളം ഇനം കൊറോണ വൈറസുകള്‍ മൃഗങ്ങളില്‍ കാണപ്പെടുന്നുണ്ട്. വവ്വാലുകളിലാണ് ഇവ കൂടുതല്‍ കാണാറുള്ളത്. ഇതില്‍ ആറുതരം കൊറോണ വൈറസുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇവയില്‍ 229E,NL63,OC43,HKU1 എന്നീ നാലു തരം വൈറസുകള്‍ മനുഷ്യരില്‍ ജലദോഷപ്പനിക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ്-19 ജനിതകമാറ്റം വന്ന വൈറസാണ് എന്നാണ് കണ്ടെത്തല്‍. 

കോവിഡ്-19 ന്റെ യഥാര്‍ഥ ഉദ്ഭവ സ്ഥാനം ഗവേഷകര്‍ക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല. എങ്കിലും ജനിതക വസ്തു വിശകലനം ചെയ്തതില്‍ നിന്ന് മനസ്സിലാക്കാനായത് വവ്വാലില്‍ കണ്ടെത്തിയ കൊറോണ വൈറസിനോട് സാമ്യമുള്ള തരം ആണ് ഇത് എന്നാണ്. വൈറസ് ഡാറ്റ പങ്കുവയ്ക്കുന്ന അന്തരാഷ്ട്ര പ്ലാറ്റ്ഫോമായ ഗ്ലോബല്‍ ഇനിഷിയേറ്റീവ് ഓണ്‍ ഷെയറിങ് ഓള്‍ ഇന്‍ഫ്ളുവന്‍സ ഡാറ്റ (GISAID) അഭിപ്രായപ്പെടുന്നത് ഈ കൊറോണ വൈറസിന്റെ ജനിതകഘടനയ്ക്ക് എണ്‍പത് ശതമാനം സാര്‍സ് വൈറസിനോട് സാമ്യതയുണ്ടെന്നാണ്.