കൊറോണ വൈറസ് ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന നാൾ മുതൽ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. ഇപ്പോൾ ആ സംശയങ്ങൾ ബലപ്പെടുത്തുന്ന തരത്തിലെ പഠനങ്ങളാണ് പുറത്ത് വരുന്നത്. അനധികൃതമായി കടത്താൻ ശ്രമിച്ച ഈനാംപേച്ചികളിൽ ലോകത്തെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന കൊറോണയുമായി സാദൃശ്യമുള്ള വൈറസുകളെ കണ്ടെത്തി. കൊറോണ പോലെയുള്ള മഹാമാരികൾ ഭാവിയിൽ ഉണ്ടാകുന്നത് തടയാൻ വന്യജീവികളെ മാർക്കറ്റുകളിൽ വിൽക്കുന്നത് കർശനമായി നിരോധിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ അനധികൃതമായി കടത്തപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. ആഹാരമായും പരമ്പരാഗത വൈദ്യത്തിലും ഈനാംപേച്ചികളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്തരം ജീവികളെ ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈനാംപേച്ചികളിൽ നിന്നും മനുഷ്യരിലേക്ക് വൈറസുകൾ പടർന്നേക്കാം. ഇതേപ്പറ്റി കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്.
അടുത്തിടെ ചൈനയിലേക്ക് കടത്തിക്കൊണ്ടുവന്ന മലയൻ ഈനാംപേച്ചികളിലാണ് കോവിഡ് – 19 ന് കാരണമായ വൈറസുമായി സാദൃശ്യമുള്ള രണ്ട് വിഭാഗം കൊറോണ വൈറസുകളെ കണ്ടെത്തിയത്. എന്നാൽ ഇവ ഇപ്പോൾ പടർന്നു പിടിക്കുന്ന കൊറോണ രോഗത്തിന് കാരണമായിട്ടുണ്ടോ എന്നത് കണ്ടെത്തേണ്ടിയിരിക്കുന്നു.
വവ്വാലുകളെയാണ് കൊറോണ രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായി കരുതപ്പെടുന്നത്. എന്നാൽ വവ്വാലുകളിൽ നിന്നും ഈ വൈറസുകൾ മറ്റൊരു ജീവിയിലെത്തുകയും പിന്നീട് മനുഷ്യനിലേക്ക് വ്യാപിക്കുകയുമായിരുന്നു. അതേസമയം, വവ്വാലുകൾക്കും മനുഷ്യനുമിടയിൽ വൈറസ് വ്യാപനത്തിന്റ കണ്ണിയായി മാറിയത് ഏത് ജീവിയാണെന്നത് ഇപ്പോഴും അജ്ഞാതമാണ്. കൊറോണയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തിയാൽ മാത്രമേ ഭാവിയിൽ ഇത്തരം രോഗങ്ങൾ വരാതെ തടയാൻ സാധിക്കുകയുള്ളു. ഇതിനായി ചൈന, ബ്രിട്ടൺ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗവേഷണങ്ങൾ നടത്തുകയാണ്.
മറ്റൊരു ചോദ്യമുയരുന്നത് ഇപ്പോൾ ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസുകൾ എവിടെ നിന്നെന്നാണ്. ഒരു പക്ഷേ, അവയുടെ വാസസ്ഥലമായ തെക്ക് കിഴക്കൻ ഏഷ്യയിലെയോ അല്ലെങ്കിൽ ചൈനയിലെയോ വവ്വാലുകളിൽ നിന്നാകാമെന്ന് കരുതുന്നു.
വംശനാശ ഭീഷണി നേരിടുന്നവയാണ് ഈനാംപേച്ചികൾ. ചൈനയിൽ നാട്ടുവൈദ്യമേഖലയിൽ ഈനാംപേച്ചികളുടെ തോടിന് വലിയ പ്രചാരമാണ്. ഇവയുടെ മാംസത്തിന് ചൈനീസ് കമ്പോളങ്ങളിൽ ഡിമാൻഡ് ഏറെയും. കൊറോണ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ മാംസം ഉപയോഗിക്കുന്നത് നിരോധിക്കാൻ ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. സമാന നീക്കങ്ങൾ വിയറ്റ്നാമിലും നടക്കുന്നുണ്ട്.