കോവിഡ് ചെറുപ്പക്കാര്‍ക്കും വരാം.. മരണകാരണം ആയേക്കാം.. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്

കൊവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊവിഡ് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് കൊവിഡിന് പെട്ടെന്ന് കീഴ്‍പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നലുണ്ട്.

ചെറുപ്പക്കാര്‍ കോവിഡിന് അതീതരാണെന്ന ധാരണ തിരുത്തണമെന്ന് ലോകാരോഗ്യസംഘടന . ഈ തെറ്റിദ്ധാരണ സമ്പര്‍ക്ക നിയന്ത്രണം ലംഘിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു. ചെറുപ്പക്കാരിലും രോഗം മരണകാരണമാവുന്നുണ്ടെന്ന് മനസിലാക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്താകമാനം കൊവിഡ് ബാധിച്ച് 18,907 പേരാണ് ഇതുവരെ മരിച്ചത്. 6,820 പേരാണ് ഇറ്റലിയിൽ മരിച്ചത്. 69,176 പേർക്ക് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചു. . ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 4,22,829 കടന്നു. മലേഷ്യയിലും ഇസ്രായേലിലും , ഈജിപ്തിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ 54,867 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബ്രിട്ടൻ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു. എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടു.