കൈകളിലുള്ള വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. ഏതു സോപ്പും ഇതിനായി ഉപയോഗിക്കാം. 20 സെക്കൻഡ് നേരമെങ്കിലും കൈ കഴുകണം.
സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ, 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം.
ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ അവരിൽ നിന്ന് ഒരു മീറ്ററെങ്കിലും (മൂന്നടി) അകലം പാലിക്കുക.
ഒട്ടേറെ വസ്തുക്കളിലും പ്രതലങ്ങളിലും നാം സ്പർശിക്കാറുണ്ട്. അപ്പോഴെല്ലാം വൈറസ് കയ്യിലെത്താൻ സാധ്യതയുണ്ട്. കൈകളിലൂടെ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം വൈറസെത്തും. അതുവഴി രോഗബാധിതരാവുകയും ചെയ്യും. ഇതൊഴിവാക്കാൻ കണ്ണുകളിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക.
ശ്വസനത്തിലും വൃത്തി പാലിക്കണം. അത് നിങ്ങളെയും ചുറ്റിലുമുള്ളവരെയും വൈറസിൽ നിന്നു രക്ഷിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈവെള്ള ഉപയോഗിക്കാതെ കൈമടക്കി (Bent Elbow) മുഖത്തോടു ചേർത്തുവച്ച് തുമ്മുക.
അല്ലെങ്കിൽ ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിച്ച് തുമ്മുക. ഇവ പിന്നീട് ഉപയോഗിക്കാതെ ഒഴിവാക്കുക. കോവിഡ് 19 മാത്രമല്ല, ജലദോഷം, പനി എന്നിവയിൽ നിന്നെല്ലാം ഇതുവഴി രക്ഷപ്പെടാം.
ശാരീരിക അസ്വസ്ഥതകൾ തോന്നിയാൽ വീട്ടില്‍ തുടരുക. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക. പ്രാദേശികമായി നൽകിയിട്ടുള്ള ഹെൽപ്നമ്പർ ഉപയോഗിച്ചും സഹായം തേടുക.
കേരളത്തിൽ ആരോഗ്യവകുപ്പിന്റെ ‘ദിശ’ നമ്പറായി 1056 ഉണ്ട്. എവിടെനിന്നു വേണമെങ്കിലും ഈ നമ്പറിലേക്കു വിളിക്കാം. ബന്ധപ്പെട്ട ജില്ലയിലെ ആരോഗ്യപ്രവർത്തകർ സഹായവുമായെത്തും. ആശുപത്രിയിലേക്കു പുറപ്പെടുമ്പോൾ പരമാവധി വ്യക്തിശുചിത്വം പാലിക്കുക. ഒപ്പമുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കോവിഡ് 19 വ്യാപനം സംബന്ധിച്ച് പ്രാദേശിക ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അപ്ഡേറ്റായിരിക്കും. അതിനാൽത്തന്നെ അവരുടെ സഹായവും ഉപദേശവും തേടാൻ മടിക്കരുത്.
കോവിഡ് 19 വൻതോതിൽ പടരുന്ന പ്രദേശങ്ങളെപ്പറ്റി (ഹോട്‌സ്പോട്ടുകൾ) അറിഞ്ഞുവയ്ക്കുക. ഈ പ്രദേശങ്ങളിലേക്കു പരമാവധി യാത്ര കുറയ്ക്കുക, വയോജനങ്ങളും പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾ എന്നിവയുള്ളവരും ഇത്തരം പ്രദേശങ്ങളിലെത്തിയാൽ എളുപ്പം അസുഖം പിടിപെടാൻ സാധ്യതയുണ്ട്.
കൈ കഴുകേണ്ടതെങ്ങനെ?
- വെള്ളം ഉപയോഗിച്ച് കൈ നനയ്ക്കുക.
- കയ്യിലേക്ക് ആവശ്യമായ സോപ്പ് ലായനിയോ സോപ്പോ എടുക്കുക.
- കൈവെള്ളകൾ കൂട്ടിച്ചേർത്തു കഴുകുക.
- ഇടതുകയ്യുടെ മുകളിൽ വലതുകൈപ്പത്തി കൊണ്ടുവന്നും നേരെ തിരിച്ചും വിരലുകൾ പിണച്ച് കഴുകുക.
- വിരലുകൾ കൂട്ടിപ്പിണച്ച് കൈവെള്ളകൾ കഴുകുക.
- കൈപ്പത്തി പരസ്പരം പിണച്ച് വിരലുകളുടെ പിൻവശം കഴുകുക.
- ഇടതു–വലതുകയ്യുടെ പെരുവിരലുകൾ കൈകൊണ്ട് വട്ടത്തിൽ ചുഴറ്റി ഉരച്ച്കഴുകുക.
- ഇടതുകയ്യിൽ വലതുകൈ വിരലുകളും വലതുകയ്യിൽ ഇടതുകൈ വിരലുകളും വട്ടത്തില്‍ ഉരച്ച് നഖങ്ങൾ വൃത്തിയാക്കുക.
- വെള്ളം ഉപയോഗിച്ച് കൈകഴുകുക.
- ടിഷ്യുപേപ്പർ കൊണ്ടോ മറ്റുള്ളവർ ഉപയോഗിക്കാത്ത ടവ്വൽ കൊണ്ടോ കൈ തുടയ്ക്കുക.
- വിരലുകൾ കൂട്ടിപ്പിണച്ച് കൈവെള്ളകൾ കഴുകുക.
- അതേ ടിഷ്യൂകൊണ്ടോ ടവ്വല്‍കൊണ്ടോ പൈപ്പ് അടയ്ക്കുക.
- ഇനി സുരക്ഷിതം നിങ്ങളുടെ കൈകൾ
