സംസ്ഥാനത്ത് ക്വാറന്റീനിൽ കഴിയുന്ന രോഗികളുടെ രഹസ്യവിവരങ്ങള്‍ സർക്കാർ അമേരിക്കന്‍ മാർക്കറ്റിംഗ് കമ്പനിക്ക് നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സ്പ്രിംഗ്ലർ എന്ന കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. സ്വകാര്യ കമ്പനിയുമായുളള സർക്കാർ ഇടപാട് ദുരൂഹമാണെന്നും ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുടെ പരസ്യചിത്രത്തിൽ ഐ ടി സെക്രട്ടറി എം ശിവശങ്കർ അഭിനയിച്ചതില്‍ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി സർക്കാർ രൂപീകരിച്ച വാർഡ് തല കമ്മിറ്റികളാണ് നിലവില്‍ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. എന്നാല്‍, 41 ചോദ്യങ്ങളുളള വിവരശേഖരണത്തിന്‍റെ വിശദാംശങ്ങള്‍ സ്പ്രിംഗ്ലർ എന്ന അമേരിക്കൻ കമ്പനിയുടെ സെർവറിലേക്ക് എത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യമേഖലയുമായി ബന്ധമില്ലാത്ത കമ്പനിയുമായി സർക്കാർ നടത്തുന്ന ഇടപാട് ദുരൂഹമെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന സർക്കാരിന്‍റെ ലോഗോ ഉപയോഗിച്ചാണ് അമേരിക്കന്‍ കമ്പനി മാർക്കറ്റിംഗ് നടത്തുന്നത്. കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന ഐ ടി വകുപ്പിന്‍റെ സെക്രട്ടറി എം ശിവശങ്കർ അഭിനയിച്ചതിലും പ്രതിപക്ഷം ദുരൂഹത ആരോപിക്കുന്നു. ഐ ടി സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. സ്വകാര്യകമ്പനിയുമായുളള കരാർ അടിയന്തരമായി റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.