ജീവിതത്തിലൊരിക്കലെങ്കിലും ഗ്യാസ്ട്രബിള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. ആളുകള്‍ സ്ഥിരം പറയുന്ന പരാതികളിലൊന്നാണിത്. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്. വയര്‍ വീര്‍ത്തുനില്‍ക്കുന്ന പ്രതീതി, വയര്‍സ്തംഭനം, തികട്ടി വരല്‍, പുകച്ചില്‍, നെഞ്ചെരിച്ചില്‍, നെഞ്ച് നിറഞ്ഞതുപോലെ തോന്നുക, വയറിന്റെ പല ഭാഗത്തുംവേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. എപ്പോഴാണ് ഗ്യാസ് വരുന്നത്, എപ്പോഴാണത് കൂടുന്നത് എന്നിവയൊക്കെ പലരിലും വ്യത്യസ്തമായിരിക്കുകയും ചെയ്യും. ചിലര്‍ക്ക് ഭക്ഷണം കഴിച്ച ശേഷമാണ് വയറില്‍ ഗ്യാസ് നിറഞ്ഞതായി തോന്നുക. മറ്റു ചിലര്‍ക്കാകട്ടെ വിശന്നിരിക്കുമ്പോള്‍ ഗ്യാസ് നിറയും.
എന്താണ് ഗ്യാസ്
നാം ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ അല്ലെങ്കില്‍ ഉമിനീര്‍ ഇറക്കുകയോ ചെയ്യുമ്പോള്‍ ചെറിയ അളവില്‍ വായു കൂടി അകത്തേക്ക് പോകുന്നുണ്ട്. ഇത് വയറ്റില്‍ ശേഖരിക്കപ്പെടുന്നു. ദഹനവ്യൂഹത്തിലുള്ള വായു പ്രധാനമായും ഓക്‌സിജനും നൈട്രജനും ആണ്. ഭക്ഷണം ദഹിപ്പിക്കപ്പെടുമ്പോള്‍ വായു ഹൈഡ്രജന്‍, മീതൈന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ് രൂപത്തില്‍ പുറത്തു വിടുന്നു.
ഗ്യാസ് പല വിധത്തില്‍ ഉണ്ടാവാം. ചിലതരം ഭക്ഷണങ്ങളുടെ ദഹനത്തിന്റെ ഭാഗമായോ, മുഴുവനും നന്നായി ദഹിക്കപ്പെടാതിരിക്കുമ്പോഴോ ഗ്യാസ് ഉണ്ടാവാം. ചെറുകുടലില്‍ നന്നായി ദഹിക്കാത്ത ഭക്ഷണം വന്‍ കുടലില്‍ ഗ്യാസ് ഉണ്ടാക്കാം. അന്നനാളം, വയറ്, നെഞ്ച് എന്നിവിടങ്ങളിലെ പലവിധ രോഗങ്ങളും ഗ്യാസ്ട്രബിളിനു കാരണമാകാറുണ്ട്. അതിനാല്‍ സ്ഥിരമായി ഗ്യാസ് പ്രശ്‌നം അനുഭവപ്പെടുന്നവര്‍ കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്നു കണ്ടെത്തണം. അവഗണിക്കാതെ അടിസ്ഥാന രോഗത്തിനു ചികിത്സയും ചെയ്യണം. ഭക്ഷണത്തിലെ പ്രശ്‌നങ്ങളോ ദഹനക്കേടോ ആണ് കാരണമെങ്കില്‍ അതു പരിഹരിക്കാനുള്ള വഴികള്‍ തേടാം.
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനമായും സങ്കീര്‍ണ അന്നജങ്ങളും ഭക്ഷ്യനാരുകളും കൂടുതലായി കാണപ്പെടുന്നു. ഒരേ ഭക്ഷണം എല്ലാവരിലും ഗ്യാസ് ഉണ്ടാക്കണമെന്നില്ല. എന്നാലും ഭൂരിഭാഗം ആളുകളിലും ഗ്യാസ് ഉണ്ടാക്കുന്ന പ്രധാന ഭക്ഷണപദാര്‍ഥങ്ങള്‍ ഇവയാണ്. കാബേജ്, കോളിഫഌര്‍, കിഴങ്ങുകള്‍, പയറു വര്‍ഗങ്ങള്‍ പാലുത്പ്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, യീസ്റ്റ് അടങ്ങിയ ബേക്കറി വിഭവങ്ങള്‍.
എന്തുകൊണ്ട് ഗ്യാസ്
പയറു വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുള്ള സങ്കീര്‍ണ അന്നജങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇവയെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കള്‍ വന്‍കുടലില്‍ വെച്ച് ആഹാരമാക്കുകയും മീതൈന്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.
പാലുത്പ്പന്നങ്ങളോട് അലര്‍ജി ഉള്ളവരിലും ദഹിക്കപ്പെടാത്ത പാല്‍ ബാക്ടീരിയ ആഹാരമാക്കുമ്പോള്‍ ഗ്യാസ് രൂപപ്പെടും.
ഭക്ഷ്യ നാരുകള്‍ അധികമായി പെട്ടെന്ന് ശീലമാക്കുന്നവരിലും ഇതേ രീതിയില്‍ ഗ്യാസ് ഉണ്ടാവാം.