ചോറ് കഴിച്ചാൽ വണ്ണം കൂടുമല്ലോ എന്നോർത്തു ടെൻഷൻ ആണോ ?എന്നാലിനി ധൈര്യമായി ചോറ് കഴിച്ചോളൂ ; കാരണമിതാണ്

ചോറു കഴിച്ചു വണ്ണം വയ്ക്കുമെന്നു പേടിച്ചു ചോറിനെ പടിക്കു പുറത്തുനിര്‍ത്താന്‍ വരട്ടെ. ചോറു കൂടുതല്‍ കഴിക്കുന്ന നാടുകളിലെ ആളുകള്‍ക്കു പൊണ്ണത്തടിക്കുള്ള സാധ്യത ചോറു വളരെ കുറഞ്ഞ അളവില്‍ കഴിക്കുന്ന രാജ്യത്തെ ജനങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്നു പുതിയ പഠനം. അമേരിക്കയില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.

എന്നാല്‍ ചോറു കഴിച്ചതു കൊണ്ടു മാത്രം വണ്ണം കൂടണമെന്നോ കുറയണമെന്നോ ഇല്ല എന്നതും എടുത്തു പറയേണ്ടതാണ്. നമ്മുടെ ജീവിതശൈലി, ആഹാരശീലങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. എങ്കിലും നമ്മള്‍ ഭയക്കുന്ന പോലെ ചോറിനെ വണ്ണം കൂട്ടുന്ന വില്ലനായി ചിത്രീകരിക്കേണ്ട കാര്യമില്ല എന്നാണ് അമേരിക്കയില്‍ നടന്ന ഈ പഠനം പറയുന്നത്.

അരിയാഹാരം പ്രധാന ആഹാരമായുള്ള രാജ്യങ്ങളിലെ ജനങ്ങളില്‍ ഒബീസിറ്റി നിരക്കു തീരെ കുറവാണെന്നാണ് ഈ പഠനം പറയുന്നത്. ഉദാഹരണമായി അവര്‍ ചൂണ്ടികാണിക്കുന്നതു ജപ്പാന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ ജനങ്ങളുടെ ആഹാരത്തെയാണ്. അരിയാണ് ഇവിടെ പ്രധാന ആഹാരം. ഇവരില്‍ അമിതവണ്ണം കുറവാണ് എന്നാണ് കണ്ടെത്തല്‍.

എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ അരി കൊണ്ടുള്ള ആഹാരം കുറവാണ്. ഇവിടെ ജനങ്ങള്‍ക്ക് അമിതവണ്ണം സര്‍വസാധാരണവും. ഇതാണു ഗവേഷകര്‍ ഈ പഠനത്തിലൂടെ തെളിയിക്കാന്‍ ശ്രമിക്കുന്നത്. ഡയറ്ററി ഫൈബര്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ ആഹാരം കഴിക്കുന്ന നാടുകളിലെ ജനങ്ങള്‍ക്കു വണ്ണം കുറവും അവരില്‍ രോഗങ്ങള്‍ കുറവുമായാണു കണ്ടു വരുന്നത്. എന്നാല്‍ ഈ ഒരൊറ്റ പഠനം കൊണ്ടു മാത്രം അരി കൊണ്ടുള്ള ആഹാരവും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടിവരയിടാനും സാധിക്കില്ല എന്നതും എടുത്തു പറയേണ്ടതാണ്.

യുഎന്‍ ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചറിന്റെ ഡാറ്റ സഹായത്തോടെ 136 രാജ്യങ്ങളിലെ ഒരു മില്യനോളം ആളുകളുടെ ആഹാരശീലത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനം. ആളുകളുടെ വിദ്യാഭ്യാസം, ആഹാരശീലം, GDP, വയസ്സ് എന്നിവയെല്ലാം പരിഗണിച്ചായിരുന്നു പഠനം. ബംഗ്ലാദേശ്, ലാവോ, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍ അരിയാഹാരം ഏറ്റവുമധികം കഴിക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെട്ടത്.

ഏറ്റവും കുറവു കഴിക്കുന്നത്‌ ഫ്രാന്‍സ്, യുകെ, യുഎസ്, സ്പെയിന്‍, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ജനങ്ങളും. അരിയിലെ ഫൈബര്‍, പോഷകങ്ങള്‍, പ്ലാന്റ് കോംപൗണ്ട്സ് എന്നിവയാണ് ഭാരം കൂടാതെ സംരക്ഷിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. യൂറോപ്യൻ കോൺഗ്രസിന്റെ ഒബീസിറ്റി മീറ്റിങ്ങിൽ ഈ പഠനം ചർച്ച ചെയ്തിരുന്നു.