ഞായറാഴ്ച ആരും പുറത്തിറങ്ങരുത്: പ്രധാനമന്ത്രിയുടെ കൊറോണ പ്രതിരോധ സന്ദേശം. ലഘുവായി കാണരുത്..

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ‘ജനതാ കര്‍ഫ്യൂ’ കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ സമയം ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന കര്‍ഫ്യൂ ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ കുറച്ച് സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ രണ്ടുമാസമായി 130 കോടി ഇന്ത്യക്കാര്‍ കൊറോണയെ ധൈര്യപൂര്‍വം നേരിട്ടു കൊണ്ടിരിക്കുകയാണ്. മുന്‍കരുതലുകള്‍ പാലിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊറോണ പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.