ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയോ ? വാസ്തവം തിരിച്ചറിയൂ…

കൊറോണയെ പ്രതിരോധിക്കാനായുള്ള മരുന്നിന്റെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയെ അമേരിക്ക ഭീഷണിപ്പെടുത്തി എന്ന തരത്തിലുള്ള വാർത്തകൾ വളച്ചൊടിച്ചതെന്ന് തെളിയുന്നു. ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന മരുന്നിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാർശങ്ങൾ അക്ഷരാർത്ഥത്തിൽ വളച്ചൊടിക്കപ്പെടുകയാണ് ഉണ്ടായത്.

“അത്തരമൊരു തീരുമാനം അദ്ദേഹം സ്വീകരിച്ചതായി കരുതുന്നില്ല. അദ്ദേഹം മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിർത്തിയിരുന്നതായി എനിക്ക് അറിയാം. ഇന്നലെയും ഞാൻ അദ്ദേഹവുമായി വളരെ നല്ല രീതിയിൽ സംസാരിച്ചിരുന്നു. ഇന്ത്യ അമേരിക്കയുമായി മികച്ച രീതിയിൽ സഹകരിക്കുന്ന രാജ്യമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയും അമേരിക്കയും വാണിജ്യ രംഗത്ത് പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം അദ്ദേഹത്തിന്റേതാണെങ്കിൽ അക്കാര്യം എന്നോട് പറയേണ്ടതാണ്. ഞായറാഴ്ച രാവിലെയും മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി സംസാരിച്ചിരുന്നു. എന്നാൽ തീരുമാനം മറിച്ചാണെങ്കിൽ എന്ത്കൊണ്ട് പ്രതികരണം ഉണ്ടായിക്കൂടാ?’ ട്രംപിന്റെ വാക്കുകൾ ഇങ്ങനെ.

ഒരു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടി മാത്രമാണ് ട്രംപ് നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളെ ചില മാദ്ധ്യമങ്ങൾ ഇന്ത്യയോടുള്ള ഭീഷണിയായി ചിത്രീകരിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ട്രംപിന്റെ ഒരു പ്രതികരണത്തെയാണ് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള വെല്ലുവിളിയായി ചിലർ ചിത്രീകരിച്ചത്.

അതേസമയം, രോഗബാധ രൂക്ഷമായ രാജ്യങ്ങളിലേക്ക് ഇന്ത്യ ആവശ്യമായ മരുന്നുകളും മറ്റും കയറ്റി അയക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നത്. അമേരിക്ക, സ്‌പെയിൻ ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നുകൾ ഇന്ത്യ കയറ്റി അയക്കാൻ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇക്കാര്യം അമേരിക്കയെ അറിയിച്ചതുമാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതാണ്.

ആഗോള തലത്തിലുള്ള വൈറസ് വ്യാപനം കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ പേരിലാണ് തീരുമാനം കൈക്കൊണ്ടതെന്നും രോഗബാധ രൂക്ഷമായ രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകൾ എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരുന്നു.