ഡോ. ഷിനു ശ്യാമളനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു

ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക് പോസ്റ്റ് :
സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. നിങ്ങൾളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്? ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.

സംഭവത്തെക്കുറിച്ച് ഡോ. ഷിനു പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസം ആറുമണിക്കാണ് കടുത്ത പനിയുമായി ഒരാൾ തന്നെ കാണാൻ ഒപിയിലെത്തുന്നത്. നിലവിലുള്ള സാഹചര്യത്തിൽ വിദേശരാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന പതിവു ചോദ്യത്തിന് ഖത്തറിൽ നിന്നാണ് വരുന്നതെന്നു പറഞ്ഞു. വന്ന ദിവസം ചോദിച്ചപ്പോൾ ഭാര്യ ഫെബ്രുവരി 30 എന്നാണ് പറഞ്ഞത്. ഇല്ലാത്ത തീയതി പറഞ്ഞതിൽ സംശയം പ്രകടിപ്പിച്ചപ്പോൾ ജനുവരി 30 എന്നായി.

ഈ സംശയം വച്ച് നിങ്ങൾ ഖത്തറിൽ നിന്ന് വന്ന വിവരം ആരോഗ്യ വകുപ്പിനോട് റിപ്പോർട് ചെയ്തിരുന്നോ എന്നായി. ഇല്ലെന്ന് അദ്ദേഹത്തിന്റെ മറുപടി. നിങ്ങൾ ആരോഗ്യ വകുപ്പിൽ അറിയിക്കണം എന്നു പറഞ്ഞപ്പോൾ താൽപര്യമില്ലെന്നായിരുന്നു മറുപടി. ഇന്ന് തനിക്ക് ഖത്തറിലേയ്ക്ക് മടങ്ങേണ്ടതുണ്ടെന്നും അറിയിച്ചു.

അങ്ങനെ പോകാൻ പറ്റില്ല, താങ്കൾക്ക് 101 ഡിഗ്രിക്കു മുകളിൽ പനിയുണ്ട്. വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം എന്ന് ആവശ്യപ്പെട്ടു. ജനുവരി 31ന് എത്തി എന്നു പറയുന്ന ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത് അതിനു ശേഷമാണ്. തുടർന്ന് ഡൽഹി, ആഗ്ര തുടങ്ങി പല സ്ഥലങ്ങളും സന്ദർശിച്ചു. തുടർന്ന് നാട്ടിലെത്തിയപ്പോൾ കടുത്ത പനിയെ തുടർന്ന് രണ്ടു പ്രാവശ്യം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്രെ.

എന്നിട്ടും പനി മാറാഞ്ഞതിനെ തുടർന്നാണ് അദ്ദേഹം ക്ലിനിക്കിലെത്തിയത്. ഇതോടെയാണ് സംശയം പ്രകടിപ്പിച്ചതും ആരോഗ്യ വകുപ്പിനെ അറിയിക്കാൻ നിർദേശിച്ചതും. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. തന്റെ നിർദേശങ്ങൾ അനുസരിച്ചില്ലെന്നു മാത്രമല്ല, എനിക്കു പോയേ പറ്റൂ എന്നു പറഞ്ഞാണ് അദ്ദേഹം ആശുപത്രിയിൽ നിന്നു മടങ്ങിയത്.

ഇതോടെ ഈ വിവരം ആരോഗ്യ വകുപ്പിനെയും മറ്റും അറിയിക്കാനായി ശ്രമം. റിസപ്ഷനിൽ വിളിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ക്ലിനിക്കിൽ നൽകിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ റിസപ്ഷനിൽ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. ക്ലിനിക്കിൽ സംഭവിച്ച കാര്യങ്ങൾ തൃശൂർ ഡിഎസ്ഒ, ഡപ്യൂട്ടി ഡിഎംഒ തുടങ്ങിയവരെ ഫോണിൽ വിളിച്ച് അറിയിച്ചു. ആറുമണിക്ക് വീട്ടിലെത്തുമ്പോഴും ഒരു നടപടിയും ഉണ്ടായില്ലെന്നു വ്യക്തമായി.

തുടർന്ന് വാടനപ്പള്ളി സിഐയെ വിളിച്ച് വിവരം അറയിച്ചു. അദ്ദേഹം അന്വേഷണത്തിന് ആളെ ചുമതലപ്പെടുത്തി എന്നു പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പിന്നെ ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വാഹനത്തിന്റെ നമ്പരിൽ നിന്ന് കിട്ടിയ വിലാസത്തിൽ നിന്ന് പഞ്ചായത്ത് മെമ്പറെ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം രാജ്യം വിട്ടെന്ന വിവരം അറിയുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ബന്ധു തന്നെ പറഞ്ഞാണ് അറിഞ്ഞത് അദ്ദേഹം അവിടെ നിരീക്ഷണത്തിലാണെന്ന്.

വിദേശത്തു നിന്ന് എത്തിയിട്ട് 36 ദിവസം കഴിഞ്ഞു എന്നു വന്നാലും പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്ത് കടുത്ത പനിയുമായി തിരിച്ചെത്തിയ അദ്ദേഹത്തിൽ കൊറോണ സംശയിച്ചത് ഒരു ഡോക്ടർ എന്ന നിലയിലാണ്. അദ്ദേഹത്തിനു കൊറോണ ആകരുതെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അത്രയും സമയം അദ്ദേഹത്തോടൊപ്പം ഞാനും നഴ്സും ഉൾപ്പടെയുള്ളവർ ചെലവഴിച്ചതാണ്.

അദ്ദേഹം എത്രയോ ആളുകളുമായി ഇടപഴകിയിട്ടുണ്ടാകും. സംശയകരമായ സാഹചര്യത്തിൽ കണ്ട കാര്യം ഔദ്യോഗിക തലത്തിൽ അറിയിച്ചിട്ടും ഒരു നടപടി ഉണ്ടാകാത്തതിലാണ് വിഷമം. ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്തു പറഞ്ഞതിന് ക്ലിനിക്ക് ഉടമ തന്നെ പിരിച്ച് വിടുകയായിരുന്നു. സ്ഥാപനത്തിന്റെ പേരോ രോഗിയുടെ വിവരങ്ങളോ ഇതുവരെ താൻ പുറത്തു വിട്ടിട്ടില്ല. പിന്നെ ചെയ്ത തെറ്റെന്താണെന്ന് അറിയില്ല. – ഡോ. ഷിനു ശ്യാമളൻ പറയുന്നു.