“തലയിലേറ്റി നടന്നതും നീയെ ചാപ്പാ, കൊണ്ട് പോയി കൊന്നതും നീയെ ചാപ്പാ” എന്ന് ചൊല്ലേണ്ട ഗതി നമുക്ക് വരാതിരിക്കട്ടെ!- ഡോ. ഷിംന അസീസ്

രണ്ടു ചിത്രത്തിലും ഉള്ളത് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയാണ്. ഒന്നില്‍ കൂട്ടം കൂടി നിന്നു എന്ന് പറഞ്ഞ് ആളുകളെ ഏത്തമിടീക്കുന്ന ആള്‍ അടുത്തതില്‍ അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയാണ്. ബോധവല്‍ക്കരിക്കാന്‍ ആയാലും ചായ കുടിക്കാനായാലും ആളുകള്‍ കൂട്ടം കൂടിയാല്‍ കൊറോണ പകരും. രണ്ടിടത്തും ഉപയോഗിക്കേണ്ടത് ഒരേ മാനദണ്ഡമാണ്.

ആളുകള്‍ തെറ്റ് ചെയ്‌താല്‍ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കാനും പിഴ ഈടാക്കാനും എല്ലാം തന്നെ പോലീസിനു അര്‍ഹതയുണ്ട്. ഇപ്പോള്‍ തന്നെ ലോക്ക്‌ ഡൗൺ തെറ്റിച്ച്‌ കറങ്ങാന്‍ പുറത്തിറങ്ങിയ നൂറുകണക്കിന് ആളുകൾക്ക് മേൽ കേസും, നൂറുകണക്കിന് വാഹനങ്ങള്‍ കസ്റ്റടിയിലും ഉണ്ടെന്നാണ് അറിയുന്നത്. അത് ചെയ്യാമല്ലോ, അല്ലെങ്കില്‍ പിഴ ചുമത്താം. അതുമല്ലെങ്കില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യാം. അല്ലാതെ ഏത്തമിടീക്കാനും മനുഷ്യന്റെ അഭിമാനം കൊണ്ട് ട്രപ്പീസ് കളിക്കാനുമുള്ള അധികാരം ആർക്കുമില്ല. അതേ ഉദ്യോഗസ്ഥനില്‍ നിന്നും അടുത്ത ദിവസം തന്നെ ഇത്തരത്തിലുള്ള ലാഘവത്തോടെയുള്ള സമീപനം വേറേയും!

ഇവര്‍ ഇതിലും തിങ്ങി നിറഞ്ഞാണ് താമസസ്ഥലങ്ങളില്‍ ജീവിക്കുന്നത് എന്ന് വേണമെങ്കില്‍ ഒരു വാദത്തിനു പറയാം. ആ സാഹചര്യങ്ങള്‍ പോലും ഒഴിവാക്കാന്‍ നടപടിയെടുക്കുന്ന സര്‍ക്കാര്‍ നമുക്ക് ഉണ്ടെന്നിരിക്കെ അത്തരം ഒരു കാര്യവും മുഖവിലക്കെടുക്കാന്‍ സാധിക്കില്ല. ഇങ്ങനെ അടുത്ത് നില്‍ക്കരുത് എന്ന് പറഞ്ഞു കൊണ്ടാവണം ഈ സംസാരം നടക്കേണ്ടത്‌. ആളുകൾക്ക് കേൾക്കാൻ സൗകര്യത്തിനാണെങ്കിൽ മൈക്കും മറ്റും ഉപയോഗിക്കണം. പല ബാച്ചുകളായി സംസാരിക്കണം. അവിടെ തുടങ്ങണം മുൻകരുതലുകൾ. അല്ലാതെ, സൂചി കുത്താന്‍ ഇടമില്ലാത്ത പരുവത്തില്‍ ചേര്‍ത്ത് നിർത്തിക്കൊണ്ടല്ല.

പൊരിവെയിലത്ത് വാഹനം പരിശോധിക്കുന്ന പോലീസുകാരെയും, തങ്ങളോടു കയര്‍ക്കുന്നവരോട് “ഞങ്ങളുടെ ആരോഗ്യത്തിനല്ല, നിങ്ങളുടെ ആരോഗ്യം രക്ഷിക്കാനാണ്” എന്ന് നിസ്സഹായതയോടെ പറയുന്നവരെയും മറക്കുന്നില്ല. ഏതു പാതിരാത്രി വിളിച്ചാലും വേണ്ട വിവരങ്ങളും സഹായവും തരുന്ന പോലീസുകാരെ ആദരവോടെ സ്മരിക്കുന്നു. അതിനിടക്കും ഇത്തരം ശ്രദ്ധക്കുറവിന്റെ ചിത്രങ്ങള്‍ വല്ലാത്ത ആശങ്ക ജനിപ്പിക്കുന്നത്‌ പറയാതെ വയ്യ.

“തലയിലേറ്റി നടന്നതും നീയെ ചാപ്പാ, കൊണ്ട് പോയി കൊന്നതും നീയെ ചാപ്പാ” എന്ന് ചൊല്ലേണ്ട ഗതി നമുക്ക് വരാതിരിക്കട്ടെ!

കടപ്പാട് – Dr. Shimna Azeez