വായിലെ അർബുദം കണ്ടെത്താൻ രണ്ടു സമീപനങ്ങളുണ്ട്. ഒന്ന്, വായിൽ അർബുദത്തിന്റെ സംശയിക്കത്തക്ക ലക്ഷണങ്ങളുള്ളവരിൽ നടത്തുന്ന സമീപനങ്ങൾ. രണ്ടാമത്തേത് അർബുദത്തിന്റെ ആദ്യഘട്ടത്തിലെത്തിയ രോഗികളിൽ നൂതന നിർണായക പരിശോധനകൾ ഉപയോഗിക്കുന്ന സമീപനം.
നേരത്തേയുള്ള രോഗനിർണയം അർബുദം മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. ആദ്യഘട്ടത്തിൽ രോഗം നിർണയിക്കുന്നതിന്റെ മൂല്യം പൊതുജനങ്ങളെ അറിയിക്കുകയും അതിനു വേണ്ട ആരോഗ്യനടപടികൾ പൊതുജനങ്ങൾക്കിടയിൽ സ്വീകരിക്കേണ്ടതുമാണ്. ദന്താരോഗ്യവിദഗ്ധർ മദ്യത്തിന്റെയും പുകയിലയുടെയും പരിണിതഫലങ്ങളെപ്പറ്റി രോഗികൾക്കു മനസിലാക്കിക്കൊടുത്താൽ ഒരു പരിധിവരെ വായിലെ അർബുദം തടയാൻ കഴിയും.
സൈറ്റോളജിക്കൽ ടെക്നിക്:-വായിലെ കോശങ്ങൾക്ക് ഏതെങ്കിലും വിധേന മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്ന രീതിയാണിത്. വായുടെ രൂപകൽപന അതിന്റെ കോശങ്ങളെ പഠിക്കാൻ ഏറെ സഹായിക്കും. വായിലെ ആഴത്തിലുള്ള കോശങ്ങളെ പഠിക്കാൻ പരന്പരാഗത രീതികൾ ഉപയോഗിക്കുന്പോൾ ചെറിയ രീതിയിൽ മാറ്റംവന്ന കോശങ്ങളെ അറിയാതെപോകാനിടയുണ്ട്.
ബ്രഷ് ബയോപ്സി:-പരന്പരാഗത രീതിയിൽനിന്നു വ്യത്യസ്തമായി ബ്രഷ് ബയോപ്സി കോശങ്ങളെപ്പറ്റി പഠിക്കാൻ സഹായിക്കും. രോഗികളുടെ അടുത്തിരുന്നു ചെയ്യാവുന്നതും എളുപ്പത്തിലും വേദനയില്ലാത്തതുമായ ഒരു പരിശോധനാ രീതിയാണിത്. ഇതുവഴി സംശയകരമായ വെളുപ്പും ചുവപ്പും നിറമുള്ള വായിലെ പാടകളെ അവയ്ക്ക് അർബുദത്തിലേക്ക് മാറ്റം സംഭവിക്കുന്നു ണ്ടോ എന്നറിയാൻ കഴിയും. ഏറെ സുവ്യക്തതയുള്ള പരിശോധനാരീതിയാണിത്.
വൈറ്റൽ സ്റ്റെയ്നിംഗ്:-ടൊളുഡിൻ ബ്ലൂ സ്റ്റെയ്നിംഗ് ആണ് ഓറൽ കാൻസർ നിർണയത്തിനായി ഉപയോഗിക്കുന്നത്. ഇത് വളരെ ലളിതവും ചെലവുകുറഞ്ഞതും കാൻസർ ബാധിച്ച കോശങ്ങളെ സ്വാഭാവികമായ സംയുക്ത കോശങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നതുമാണ്. കൂടാതെ കാൻസർ ബാധിച്ച ഭാഗങ്ങൾ നീക്കംചെയ്യുന്ന സമയത്ത് അതിന്റെ ചുറ്റുമുള്ള കോശങ്ങളുടെ സ്ഥിതി മനസിലാക്കാനും ഈ ഉപാധി സഹായിക്കും.
ലേസർ കാപ്ചർ മൈക്രോ ഡിസെക്ഷൻ:-ലേസർ കാപ്ചർ മൈക്രോഡിസെക്ഷൻ അർബുദം ബാധിച്ച സംയുക്തകോശങ്ങളെ സൂഷ്മമായി പഠിക്കാൻ സഹായിക്കുന്നു. മേൽപറഞ്ഞ കോശങ്ങളെയും അതിന്റെ ചുറ്റുമുള്ള സംയുക്തകോശങ്ങളുടെയും രൂപവിസ്ഥാനീയത്തെ സംരക്ഷിച്ചുകൊണ്ട് അവയിൽ വന്ന മാറ്റങ്ങളെ മനസിലാക്കാൻ കഴിയുന്ന ഉചിതമായ രീതിയാണിത്.
ഡിഎൻഎ അനാലിസിസ്:-അർബുദത്തിന് സാധ്യതയുള്ള കോശങ്ങളെ മനസിലാക്കുന്ന ഉപാധിയാണിത്. ഫ്യൂൽജെൻ ഡൈ ഉപയോഗിച്ചാണ് ഈ കോശങ്ങൾ മനസിലാക്കുന്നത്. ഓറൽ ബ്രഷ് സാന്പിളുകളാണ് കോശങ്ങളുടെ രൂപവിസ്ഥാനീയത്തെപ്പറ്റിയും ജനിതകമാറ്റങ്ങളെപ്പറ്റിയും പഠിക്കാനായി തെരഞ്ഞെടുക്കുന്നത്.
ഉമിനീരിൽ നിന്ന് ഓറൽ കാൻസർ നിർണയം:-ഉമിനീരിൽനിന്ന് കാൻസർ രോഗത്തെ നിർണയിക്കാനും അതിന്റെ ചികിത്സയ്ക്കു ശേഷമുള്ള അവസ്ഥ നിരൂപിക്കാനും കഴിയും. ചെലവു കുറഞ്ഞതും അനേകംപേരിൽ ചെയ്യാവുന്നതുമായ രോഗനിർണയ സാമഗ്രിയാണ് ഉമിനീർ. മാത്രമല്ല വേദനയോ മറ്റ് ബുദ്ധിമുട്ടോ ഇല്ലാത്ത രീതിയിൽ ശേഖരിക്കാൻ സാധിക്കുന്നതുമായ ഒന്നാണ് ഉമിനീർ.
ലാബ്-ഓണ്-എ-ചിപ്പ്:-ഇതിന്റെ മറ്റൊരു പേരാണ് മൈക്രോ ടോട്ടൽ അനാലിസിസ് സിസ്റ്റം. ലാബിൽ ചെയ്യുന്ന വിശേഷണ സംബന്ധിയായ പ്രക്രിയകളെല്ലാം ഒരു സിലിക്കണ് ചിപ്പിൽ ആക്കുന്നതാണ് ലാബ്-ഓ-എ-ചിപ്പ് എന്നു പറയുന്നത്. ഈ സിലിക്കണ് ചിപ്പ് ഉപയോഗിച്ചു വായിലെ അർബുദം ബാധിച്ച കോശങ്ങളെ അവയിലെ പ്രോട്ടീൻസ് ഉപയോഗിച്ചു മനസിലാക്കുന്നു.
മൈക്രോസ്കോപ്പി:-നൂതന ഉപാധിയായ സ്പെക് ട്രൽ സൈറ്റോപതോളജി ഓരോ കോശത്തിലെയും വ്യത്യസ്തത നിർണയിക്കുന്നു. ഇൻഫ്രാ റെഡ് സ്പെക്ട്രം വഴി ഓരോ കോശങ്ങളിലും അടങ്ങിയിട്ടുള്ള വിവരണങ്ങൾ ശേഖരിക്കാൻ ഇതു സഹായിക്കുന്നു. സ്വാഭാവികഘടനയിൽ മാറ്റം വന്ന കോശങ്ങൾ പ്രത്യേകതരം സ്പെക്ട്രൽ പാറ്റേണുകൾ ഉണ്ടാക്കുന്നു. ഇതുകൂടാതെ മൾട്ടി സ്പെക്ട്രൽ ഡിജിറ്റൽ മൈക്രോസ്കോപ്പ് വഴിയും ഓറൽ കാൻസർ നിർണയിക്കാൻ കഴിയും.
സ്പെക്ട്രോസ്കോപ്പി:-ഓട്ടോ ഫ്ളൂറസെൻസും കെമിലൂമിനെൻസും വഴി സംയുക്ത കോശങ്ങളിൽ വന്ന അർബുദ മാറ്റങ്ങൾ മനസിലാക്കുന്ന രീതിയാണിത്. സംയുക്ത കോശങ്ങളിലെ പരിണാമം വഴി രക്തത്തിൽ അടങ്ങിയിരിക്കുന്ന വസ്തുവിൽ മാറ്റം സംഭവിക്കുന്നു. ഇവയാണ് രോഗലക്ഷണങ്ങളായി കാണപ്പെടുന്നത്. ഇക്കാരണം മൂലം കോശങ്ങൾ വലിച്ചെടുക്കുന്ന വേവ് ലെംതിൽ വ്യതിയാനം ഉണ്ടാക്കുകയും അവയ്ക്ക് കാൻസർ പിടിപെട്ടു എന്നു മനസിലാക്കുകയും ചെയ്യുന്നു. സ്പെക്ട്രോസ്കോപ്പയിൽ ഉൾപ്പെടുന്നതാണ് വിസിലൈറ്റും വെൽസ്കോപ്പും.
വിസിലൈറ്റ്:-വിസിലൈറ്റ് ഹാനികരമല്ലാത്തെ കെമിലൂമിനിസെന്റ് ലൈറ്റ് ആണ്. സാധാരണ രോഗനിർണയ ഉപാധികൾക്കൊപ്പം വിസിലൈറ്റ് കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ വായിലെ അർബുദത്തിന് ഏറെ സാധ്യതയുള്ള വ്യക്തികളിൽ നേരത്തെതന്നെ രോഗം നിർണയിക്കാനാകും. ഈ ഉപാധിവഴി കോശങ്ങളിലെ അസ്വാഭാവികത്വം മനസിലാക്കാൻ കഴിയും. അസ്വാഭാവികത്വമുള്ള കോശങ്ങൾ സ്വാഭാവിക കോശങ്ങളെക്കാൾ കൂടുതൽ ഉജ്വലമായി വിസിലൈറ്റ് ഉപയോഗിക്കുന്നതുവഴി കാണപ്പെടുന്നു. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതും വേദനയില്ലാത്തതുമായ ഉപാധിയാണിത്.
വെൽസ്കോപ്പ്:-ഈ അടുത്തകാലത്ത് ഏറെ ശ്രദ്ധ നേടിയ രോഗനിർണയ ഉപാധിയാണ് വെൽസ്കോപ്പ്. ഫെഡറേഷൻ ഡെന്റെയർ ഇന്റർനാഷണൽ അംഗീകരിച്ച ഉപാധിയാണിത്. ഓറൽ കാൻസർ നിർണയിക്കാൻ സഹായിക്കുന്ന ഏറെ പ്രബലമായ സാമഗ്രിയാണിത്. ഇവ പ്രത്യേകതരം ബ്ലൂ സ്പെക്ട്രം ലൈറ്റ് ഉപയോഗിച്ച് വായിലെ കോശങ്ങളിൽനിന്ന് ഫ്ലൂറസെൻസ് പുറപ്പെടുവിക്കുന്നു. ഇതുവഴി രോഗനിർണയം സാധ്യമാക്കും. വളരെ ലളിതവും സുരക്ഷിതത്വവും നിറഞ്ഞ ഈ പ്രക്രിയയ്ക്ക് വെറും രണ്ടു മിനിറ്റ് ദൈർഘ്യം മാത്രമേ എടുക്കൂ.
ആദ്യഘട്ടത്തിൽത്തന്നെ വായിലെ അർബുദം നിർണയിക്കാൻ സാധിക്കുക എന്നുള്ളത് ആരോഗ്യമേഖലയിലെ വസ്തുനിഷ്ഠമായ കാര്യമാണ്. ഇതിൽ ആരോഗ്യപരിപാലകർ ഏറെ പങ്കുവഹിക്കുന്നു. നേരത്തേയുള്ള രോഗനിർണയം വ്യക്തികളിൽ കാൻസർ ചികിത്സ മൂലമുണ്ടാക്കുന്ന പരിണിതഫലങ്ങൾ കുറയ്ക്കുന്നു.
ഏറെ സുവ്യക്തതയുള്ള ലൈറ്റ് ബേസ്ഡ് ഡിറ്റെക്ഷൻ സിസ്റ്റവും ബ്രഷ് ബയോപ്സി, സ്കാൽപൽ ബയോപ്സിയുമൊക്കെ ഈ മേഖലയിൽ നിർണായകപങ്ക് വഹിക്കുന്നു. ഇവയുപയോഗിച്ച് ആദ്യമേതന്നെ രോഗം നിർണയിക്കാൻ സാധിച്ചാൽ ഓറൽ കാൻസർ മൂലമുണ്ടാക്കുന്ന രോഗാവസ്ഥയും മരണനിരക്കും ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.