നിലത്തിരുന്ന് ഭക്ഷണം കഴിക്കണം എന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇതാണ്

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ഇന്ത്യയിലെ നിരവധി വീടുകളില്‍ കാണാനാവും. എന്നാലും ഭൂരിപക്ഷം പേരും ഭക്ഷണം കഴിക്കാനായി മേശയും കസേരയും ഉപയോഗിക്കുന്നവരാണ്. ചിലരാകട്ടെ ടിവിക്ക് മുന്നിലിരുന്നോ അല്ലങ്കില്‍ കിടക്കയിലിരുന്നോ ആണ് ഭക്ഷണം കഴിക്കാറ്.

ഇത് സുഖകരമായി തോന്നാമെങ്കിലും ആരോഗ്യത്തിന് അത്ര ഹിതകരമല്ല. നമ്മുടെ പൂര്‍വ്വികന്മാര്‍ കാലുകള്‍ പിണച്ച് നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

തറയില്‍ കാലുകള്‍ വിലങ്ങനെ വച്ച് ഇരിക്കുന്നത് യോഗാസനത്തില്‍ ശുകാസന അല്ലങ്കില്‍ അര്‍ദ്ധപത്മാസനം എന്നാണറിയപ്പെടുന്നത്. ഇത് ദഹനത്തിന് ഏറെ സഹായകരമാണ്. (ഭക്ഷണത്തിന് മുന്നില്‍ ഈ നിലയില്‍ നിവര്‍ന്നിരിക്കുമ്പോള്‍ തലച്ചോറിലേക്ക് ദഹനത്തിന് പ്രേരകമാകുന്ന തരംഗങ്ങള്‍ അയക്കപ്പെടും എന്നാണ് കണ്ടെത്തല്‍). ഇത് മാത്രമല്ല നിലത്ത് പാത്രം വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ മുന്നോട്ട് അല്പം കുനിയും. ഇങ്ങനെ കുനിയുകയും നിവരുകയും ചെയ്യുന്നത് അടിവയറിലെ പേശികളില്‍ ചലനമുണ്ടാക്കുകയും ദഹനരസങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കും.

നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ തലച്ചോര്‍ ശാന്തമാവുകയും ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം ഒരേ രീതിയില്‍ കഴിക്കാനും, വേഗത്തില്‍ വയര്‍ നിറയാനും സഹായിക്കും. മേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ സാവധാനമാണ് ഈ രീതി എന്നതിനാല്‍ വയറും തലച്ചോറും തമ്മിലുള്ള സംവേദനം വഴി വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്കുകയും അമിതഭക്ഷണത്തില്‍ നിന്ന് തടയുകയും ചെയ്യും.

നിലത്തിരിക്കുമ്പോള്‍ അല്ലെങ്കില്‍ പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളുടെ പുറത്തെ പേശികള്‍, വസ്തി പ്രദേശം, വയര്‍, അടിവയറിലെ പേശികള്‍ എ്നിവയ്ക്ക് വ്യായാമം ലഭിക്കുകയും വേദനയും അസ്വസ്ഥതകളും കുറയുകയും ചെയ്യും. ഇത് ദഹനവ്യവസ്ഥക്ക് ആശ്വാസം നല്കുകയും സാധാരണ അവസ്ഥയില്‍ നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ഈ രീതി വയറിന് സമ്മര്‍ദ്ധമുണ്ടാക്കുകയുമില്ല. അത് വഴി മികച്ച രീതിയില്‍ ഭക്ഷണം കഴിക്കുകയും ദഹനം സാധ്യമാക്കുകയും ചെയ്യാം.

നിങ്ങള്‍ നിലത്തിരിക്കുമ്പോള്‍ ശരീരത്തിന്‍റെ നില തനിയെ ശരിയാക്കപ്പെടും. നടുവ് നിവര്‍ന്നും, നട്ടെല്ല് നിവര്‍ത്തി ചുമലുകള്‍ വിരിച്ചും ഇരിക്കുന്നത് സാധാരണയായി കാണുന്ന തെറ്റായ ശാരീരിക നിലകള്‍ മൂലമുള്ള വേദനകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.