നിർഭയ കേസ് പ്രതികളുടെ ഹർജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. സുപ്രീം കോടതി ഇന്ന് രാത്രി തന്നെ ഹർജി പരിഗണിക്കാൻ സാധ്യത

നിര്‍ഭയാ കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ നടത്തുന്ന പ്രതികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. വധശിക്ഷയായതിനാല്‍ ശിക്ഷ നടപ്പാക്കി കഴിഞ്ഞ് അത് തിരുത്താന്‍ സാധിക്കില്ല എന്നതിനാല്‍ പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ സുപ്രീം കോടതി അത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. 

വധശിക്ഷ ഒഴിവാക്കാന്‍ പ്രതികള്‍ അവസാന ശ്രമമെന്ന നിലയില്‍ വിവിധ കോടതികളില്‍ നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍ കോടതികള്‍ ഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ വധശിക്ഷ നടപ്പിലാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 

ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ മൂന്ന് പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 10 മണിയോടെ കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂറോളം വാദം കേട്ടതിന് ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. 

വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു. അല്‍പസമയത്തിനകം ഹര്‍ജി നല്‍കും. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിച്ച് അതില്‍ തീര്‍പ്പ് വരുത്തിയാല്‍ നിശ്ചയിച്ചുറപ്പിച്ച സമയത്ത് വധശിക്ഷ നടപ്പിലാക്കാം. 

നേരത്തെ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് അര്‍ധരാത്രിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നു. ഇതിന് സമാനമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. അതേസമയം ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും വിധി തിരുത്തണമെന്ന ആവശ്യം ഉന്നയിച്ച് മറ്റൊരു അഭിഭാഷന്‍ കോടതിയില്‍ വാദിക്കുന്നുണ്ട്. എന്നാല്‍ പുലര്‍ച്ചെ 5.30 വരെ വാദിച്ചാലും വിധിയില്‍ മാറ്റമുണ്ടാകില്ലെന്ന് ജഡ്ജിമാര്‍ നിലപാടെടുത്തു.