പണ്ടുകാലങ്ങളില്‍ പനി വരുന്നത് ചില പ്രത്യേക സമയങ്ങളിലായിരുന്നു. തണുപ്പുകാലത്തും മഴക്കാലത്തും പനി കൂടുതലായി കണ്ടിരുന്നു. കാലാവസ്ഥ മാറുമ്പോഴും ചില ആസുഖങ്ങളുടെ ഭാഗമായും ഒക്കെ പനി വരും. പനി വന്നാല്‍ ഡോക്‌ടറുടെ അടുത്തേക്കോ, മെഡിക്കല്‍ സ്റ്റോറിലേക്കോ പോകുകയാണ് മിക്കവരും ചെയ്യുന്നത്. ചിലരെങ്കിലും, വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശമനുസരിച്ച് എന്തെങ്കിലും ഒറ്റമൂലി പ്രയോഗം നടത്തും. ഇവിടെയിതാ, പനി വേഗം മാറുന്നതിനുള്ള ചില മാര്‍ഗങ്ങള്‍.
വിശേഷ പാനീയം – നമ്മുടെ നാട്ടില്‍, പനി വന്നാല്‍, തുളസി ഇലയും ചുക്കും ആടലോടകവും മറ്റും ചേര്‍ത്ത് ഒരു കക്ഷായം ഉണ്ടാക്കുന്ന പതിവുണ്ട്. അതുപോലെ പാശ്‌ചാത്യ നാടുകളില്‍ പനിക്ക് നല്‍കുന്ന ഒരു ഒറ്റമൂലിയുണ്ട്. ഇഞ്ചി, ഓറഞ്ചിന്റെ തൊലി, ചെറിയ ഉള്ളി എന്നിവ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് തേനു ചേര്‍ത്ത് കുടിച്ചാല്‍ പനി പമ്പ കടക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത് (ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത്). എത്ര കടുത്ത പനിയാണെങ്കിലും ഈ പാനീയം മൂന്നു നേരമായി കഴിച്ചാല്‍ പനി വിട്ടുമാറും. പനിയ്ക്കൊപ്പം ഉണ്ടാകുന്ന ചുമയ്‌ക്കും ഇത് ഏറെ നല്ലതാണ്. അതേസമയം ഏതെങ്കിലും അണുബാധയുടെ ഭാഗമായോ മറ്റു അസുഖങ്ങളുടെ ഭാഗമായോ വരുന്ന പനിയാണെങ്കില്‍ വൈദ്യസഹായം തേടേണ്ടി വരും.
മുട്ട – പനി ഉണ്ടാകുമ്പോള്‍, പൊതുവെ പ്രതിരോധശേഷി കുറവായിരിക്കും. ഈ കാരണംകൊണ്ടുതന്നെ പനി വിട്ടുമാറാന്‍ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു, പനിയുള്ളപ്പോള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. മഞ്ഞക്കരുവില്‍ സിങ്കും, ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതും പ്രതിരോധശേഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങള്‍ – പനിയുള്ളപ്പോള്‍ വിറ്റാമിന്‍ സി സപ്ലിമെന്റോ, അവ അടങ്ങിയിട്ടുള്ള പഴങ്ങളോ കഴിച്ചാല്‍, പെട്ടെന്ന് ആശ്വാസം ലഭിക്കും. നാരങ്ങാ, ഓറഞ്ച്, മുന്തിരി, സ്‌ട്രാബെറി, പപ്പായ എന്നിവയൊക്കെ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളവയാണ്. ചൂടു കട്ടന്‍ ചായയിലേക്ക് അല്‍പ്പം നാരങ്ങാ ജ്യൂസ് ഒഴിച്ചു കുടിക്കുക. പനി മൂലമുള്ള തൊണ്ടവേദനയും മറ്റ് അസ്വസ്ഥതകളും പെട്ടെന്ന് മാറിക്കിട്ടും. കോളിഫ്ലവര്‍, നാരങ്ങാ, സവാള എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ സലാഡും പനിക്ക് ഏറെ നല്ലതാണ്. കോളി ഫ്ലവറും ഉരുളക്കിഴങ്ങും ക്രീം പോലെ മിക്‌സിയില്‍ അടിച്ചെടുത്ത് കഴിക്കുന്നതും പനിക്ക് നല്ലതാണ്.