മനുഷ്യരില്‍ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് ഗവേഷകര്‍. ഇത് പ്രാവര്‍ത്തികമാകാന്‍ മൂന്നു വര്‍ഷം മതി. പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം അവസാനം പന്നിയില്‍ നിന്ന് വൃക്ക മനുഷ്യന് വച്ചു പിടിപ്പിക്കും.
പിന്നാലെ ഹൃദയവും മാറ്റിവെക്കാമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗവേഷകന്‍ ഡോ. ടെറന്‍സ് ഇംഗ്ലീഷ് ആണ് പന്നിയുടെ ഹൃദയം മനുഷ്യന് വച്ചുപിടിപ്പിക്കാന്‍ കഴിയുമെന്ന് പ്രവചിക്കുന്നത്. മനുഷ്യ അവയവങ്ങളുടെ വലിപ്പത്തിലുള്ള സാദൃശ്യവും ശരീരഘടനയുമാണ് പന്നികളെ അവയവങ്ങള്‍ മാറ്റിവെക്കാനുള്ള പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കാരണം.
മനുഷ്യന് അവയവങ്ങള്‍ ലഭിക്കാനുള്ള സാഹചര്യം വളരെ കുറവായത് കൊണ്ടാണ് മൃഗങ്ങളുടെ അവയവങ്ങള്‍ പരീക്ഷിക്കുന്നത്. സെനോട്രാന്‍സ് പ്ലാന്റേഷന്‍ എന്നാണ് ഈ ശസ്ത്രക്രിയയുടെ പേര്. മനുഷ്യശരീരത്തോട് കൂടുതല്‍ സാദൃശ്യമുള്ള വലിയ മൃഗങ്ങളില്‍ ഇത് പരീക്ഷിച്ച ശേഷം മാത്രമേ മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയുള്ളൂ. ഇതിനാണ് മൂന്നു വര്‍ഷം എടുക്കുമെന്ന് ഗവേഷകര്‍ കരുതുന്നത്.