പരിശോധനവേണമെന്ന് ആരും പറഞ്ഞില്ല, പ്രചരിപ്പിക്കുന്നതിൽ പകുതിയും തെറ്റെന്ന് കൊറോണ സ്ഥിരീകരിച്ച യുവാവ്‌..

മെഡിക്കൽ ചെക്കപ്പ് വേണമെന്ന് വിമാനത്താവളത്തിലോ നാട്ടിലെത്തിയശേഷമോ ഒരു നിർദേശവും ലഭിച്ചില്ലെന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് പറഞ്ഞു. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ബന്ധു സർക്കാർ ആശുപത്രിയിൽ ചികിത്സതേടി എത്തിയതിനെ തുടർന്ന് മാർച്ച് ആറിനാണ് ആരോഗ്യവകുപ്പധികൃതർ വീട്ടിലെത്തുന്നത്. ഇവരുടെ നിർദേശത്തെ തുടർന്ന് സ്വയം കാറോടിച്ച് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിലെത്തുകയായിരുന്നു.

ബലമായാണ് കൊണ്ടുവന്നതെന്നുള്ളതടക്കം നിരവധി വേദനാജനകമായ വാർത്തകളാണ് പ്രചരിക്കുന്നത്. പുനലൂരിലെ ബന്ധുവീട്, എസ്.പി. ഓഫീസ്, പോസ്‌റ്റ് ഓഫീസ് എന്നിവിടങ്ങളിലും സമീപത്തെ വീടുകൾ, ചില കടകൾ എന്നിവിടങ്ങളിൽ പോയിരുന്നുവെന്നുള്ളത് സത്യമാണ്. ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നതിനാലാണ് പോയത്. സിനിമയ്ക്കോ കല്യാണങ്ങൾക്കോ പള്ളിയിലോ പോയിട്ടില്ല. ഇറ്റലിയിൽ താമസിച്ചിരുന്ന സ്ഥലത്ത് ഇപ്പോഴും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു. കോട്ടയത്തുള്ള സഹോദരിയും ഭർത്താവും പുനലൂരിലെ ബന്ധുവീട്ടിലുള്ളവരും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ഇയാൾ പറഞ്ഞു.