പുക വലിക്കുന്നവരിൽ കോവിഡ് വൈറസ് ശ്വാസകോശത്തിൽ വേഗം എത്തിപ്പെടുമെന്ന് കണ്ടെത്തൽ

പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്ന് യൂറോപ്യന്‍ റസ്പിറേറ്ററി ജോര്‍ണല്‍ പുറത്തുവിട്ട പഠനം വിശദീകരിക്കുന്നു. 

പൊണ്ണത്തടി, ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലും കോവിഡ് വൈറസ് ബാധ ഗുരുതരമാവാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

ചൈനയില്‍ കോവിഡ്-19 ബാധിച്ചുള്ള മരണനിരക്ക് വളരെ കൂടുതലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരില്‍ പകുതിയോളം പുകവലിക്കാരായിരുന്നു. സ്ത്രീകളുടെ മരണനിരക്ക് താരതമ്യേനെ കുറവാണെന്നും പഠനം പറയുന്നു. വാന്‍കവര്‍ സെന്റ് പോള്‍ ആശുപത്രിയിലെ റസ്പിറോളജിസ്റ്റ് ജൈനിസ് ലിയൂങിന്റെ നേതൃത്വത്തിലായിരുന്നു പഠനം. 

കോവിഡ് രോഗത്തെ പ്രതിരോധിക്കാനായി പുകവലി നിര്‍ത്താന്‍ ഏറ്റവും മികച്ച അവസരം ഇതാണെന്ന് ജൈനിസ് ലിയൂങ് പറയുന്നു.  സി.ഒ.പി.ഡി രോഗികളായ 21 പേരുടെയും അല്ലാത്ത 21 പേരുടെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചപ്പോള്‍ സിഒപിഡി രോഗികളിലും പുകവലിക്കാരിലും എസിഇ-2 എന്‍സൈമിന്റെ നില ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തി.