കൊല്ലം പുനലൂരിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ പിതാവിനെ തോളിലേറ്റി മകൻ നടന്നു. പരിശോധനയുടെ ഭാഗമായി പോലീസ് വാഹനം തടഞ്ഞതിനെ തുടർന്നാണ് സംഭവം. ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും പോലീസ് കടത്തിവിട്ടില്ലെന്ന് ഇവർ ആരോപിച്ചു. എന്നാൽ മതിയായ രേഖകൾ ഇല്ലാത്തതിനാൽ വാഹനം തടയുകയായിരുന്നുവെന്നാണ് പോലീസിന്‍റെ വിശദീകരണം.
കഴിഞ്ഞ നാല് ദിവസമായി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശി ജോർജ്ജിനെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായാണ് ഓട്ടോഡ്രൈവറായ മകൻ റോയി പുനലൂരിൽ എത്തിയത്. എന്നാൽ ആശുപത്രിക്ക് ഒരു കിലോമീറ്ററോളം അകലെ ടിബി ജംഗ്ഷനിൽ വെച്ച് പോലീസ് വാഹനം തടഞ്ഞു. ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും പോലീസ് ഓട്ടോ കടത്തിവിട്ടില്ലെന്നാണ് ആരോപണം. പിന്നാലെ വാഹനം റോഡരികിൽ ഒതുക്കിയശേഷം ആശുപത്രിയിൽ നിന്ന് പിതാവിനെ റോയി എടുത്തുകൊണ്ടുവരികയായിരുന്നു.
അതേസമയം ആശുപത്രിയിലേക്കെന്ന് പറഞ്ഞെങ്കിലും ഇതിന്റെ രേഖകളോ സത്യവാങ്മൂലമോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകരണം. കഴിഞ്ഞ രണ്ട് ദിവസമായി പുനലൂരിൽ വാഹനങ്ങൾ അനിയന്ത്രിതമായി ഇറങ്ങിയതിനെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.