ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കൊറോണ പരിശോധനഫലം പോസിറ്റീവ്. കൊറോണയുടെ ചില ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എനിക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. കൊറോണ വൈറസ് പരിശോധനാഫലം പോസിറ്റീവ് ആകുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ സ്വയം നിരീക്ഷണത്തിലാണുള്ളത്. എന്നാല്‍ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ബ്രിട്ടിനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. 11,600ല്‍ അധികംപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 578 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിട്ടുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.