പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ പലതരം മായങ്ങള്‍ അടങ്ങിയിരിക്കുന്നു. ഓരോ ദിവസവും എത്രയധികം വിഷാംശമാണ് നാം അറിയാതെ നമ്മുടെ ശരീരത്തിലെത്തുന്നത്
പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന മായത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓരോ ദിവസവും എത്രയധികം വിഷാംശമാണ് നാം അറിയാതെ നമ്മുടെ ശരീരത്തിലെത്തുന്നത്. പലതും അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ വിശ്വസിച്ചേ മതിയാവൂ.
അരിയിലെ കാവി
കുത്തരിയുടെ ഇഷ്‌ടക്കാരാണ് മലയാളികളിലേറെയും. അതുകൊണ്ട് തന്നെ ഇവയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തട്ടിപ്പുവീരന്മാര്‍ക്ക് കൂടുതല്‍ താല്‌പര്യമുണ്ട്. സാധാരണ അരിയില്‍ ഇക്കൂട്ടര്‍ ‘കാവി’ ചേര്‍ത്ത് കുത്തരിയാക്കുന്നു. നിറം കൂട്ടാന്‍ റെഡ്‌ഓക്‌സൈഡും ചേര്‍ക്കാറുണ്ട്.
തിരിച്ചറിയാം :
അരി കഴുകുമ്പോള്‍ പാത്രത്തിന്റെ വക്കിലും മറ്റും നിറം പറ്റിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് നിറം ചേര്‍ത്ത അരിയാണെന്ന് ഉറപ്പിക്കാം. പല തവണ കഴുകുമ്പോള്‍ ചുവപ്പു നിറം പോയി അരിയുടെ തനി നിറം തെളിയുന്നതായി കാണാം.
മുളകുപൊടിയുടെ ചുവപ്പിനു പിന്നില്‍
നല്ല ചുവന്ന മുളകുപൊടി. പക്ഷേ കറിയിലിട്ടാലോ എരിവ് വിചാരിച്ചത്ര കൂടുന്നുമില്ല. ‘സുഡാന്‍’ എന്ന കളറാണ് ഇവിടെ പ്രശ്‌നക്കാരന്‍. സാധാരണയായി ചാക്കുനൂലുകളില്‍ ചേര്‍ക്കുന്ന ഈ നിറമാണ് മുളകുപൊടിയില്‍ ചേര്‍ക്കുന്നത്. മഞ്ഞള്‍പ്പൊടിയിലുമുണ്ട് മായം ചേര്‍ക്കല്‍. നിറം കിട്ടാന്‍ ചിലര്‍ ലെഡ് ക്രോമൈറ്റ് ചേര്‍ത്തു വില്‌പന നടത്തുന്നു. മറ്റു ചില തട്ടിപ്പുകാരാകട്ടെ മഞ്ഞക്കൂവ ഉണക്കിപ്പൊടിച്ച് ഇതില്‍ ചേര്‍ത്ത് ആളുകളെ വിദഗ്‌ദ്ധമായി പറ്റിക്കുന്നു.
കടുക് സൂക്ഷിക്കുക
ഇത്തിരി കുഞ്ഞുനായ കടുകില്‍പ്പോലുമുണ്ട് വ്യാജന്റെ വിളയാട്ടം. വലുപ്പത്തിലും രൂപത്തിലും കടുകിനോടു സാദൃശ്യമുള്ള ‘ആര്‍ജിമോണാണ്’ ഇതില്‍ ചേര്‍ക്കുന്നത്.
തിരിച്ചറിയാം :
ശ്രദ്ധിച്ചു നോക്കിയാല്‍ ഇവ തിരിച്ചറിയാനാവും. മുകളില്‍ നിന്നും താഴേക്ക് ചെറിയവരകള്‍ ഇതിലുണ്ടാകും.
കുരുമുളകും പപ്പായ കുരുവും
കേരളത്തിന്റെ തനതു സുഗന്ധവിളയായ കുരുമുളകില്‍ പോലും മായം കലരുന്നുണ്ട്. പഴുത്ത പപ്പായയുടെ കുരു ഉണക്കിയാണ് കുരുമുളകിനൊപ്പം ചേര്‍ക്കുന്നത്.
തിരിച്ചറിയാം :
ഇത്തരം കുരുമുളകിനു നല്ല കട്ടിയുണ്ടാകും. പപ്പായക്കുരുവിനു കനം കുറവാണെന്നു മാത്രമല്ല ഉള്ള് പൊള്ളയായിരിക്കും.