ചൂടും ടെൻഷനും ഒക്കെക്കൊണ്ടുള്ള മുടി പൊഴിച്ചിലും കഷണ്ടിയുമൊക്കെ എല്ലാവരുടെയും ഉറക്കം കെടുത്തുന്ന കാര്യങ്ങളാണ്. ചിലര്‍ക്ക് പാരമ്പര്യമായി, മറ്റുചിലര്‍ക്ക് ഹോര്‍മോണുകളുടെ പ്രശ്നങ്ങള്‍ മൂലം, അങ്ങനെ കാരണങ്ങള്‍ നിരവധിയാണ്. കാലാകാലങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരമിതുവരെ ലഭിച്ചിട്ടില്ല. എന്നാലിതാ പൊഴിഞ്ഞ മുടിവരെ തഴച്ചുവളര്‍ത്താനൊരു ‘സ്മാര്‍ട്ട് ഹെല്‍മറ്റ്’ വരുന്നു. കാലിഫോര്‍ണിയന്‍ കമ്പനിയായ തെറാഡോമാണ് (Theradome) ഈ ഹെല്‍മറ്റിന് പിന്നില്‍. ശക്തമായ ലേസര്‍ രശ്മികള്‍ വഴി, പ്രോട്ടീനുകളെ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന എന്‍സൈമുകളെ നീക്കം ചെയ്ത്, ഫോളിക്കിളുകളെ മെച്ചപെടുത്തിയാണ് ഈ ഹെല്‍മെറ്റ് കരുത്തുറ്റ മുടിയിഴകള്‍ പ്രദാനം ചെയ്യുന്നത്. ഈ രശ്മികള്‍ മുടിയുടെ ഫോളിക്കിളുകളെ ഉത്തേജിപ്പിക്കുകയും അതിലൂടെ മുടി വളര്‍ച്ചയുടെ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. എല്ലാ ആഴ്ചയിലും 20 മിനിറ്റ് ഈ ഹെൽമെറ്റ് ഉപയോഗിച്ചാല്‍ 28 മുതല്‍ 56 ആഴ്ചകള്‍കൊണ്ട് മുടി വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. വീട്ടിലുപയോഗിക്കാന്‍ പാകത്തിന് വളരെ സുരക്ഷിതമായ എന്നാല്‍ ശക്തമായ ലേസര്‍ രശ്മികള്‍ പുറപ്പെടുവിക്കാന്‍ കഴിവുള്ള ഹെല്‍മെറ്റാണ് തെറാഡോം രൂപകല്പന ചെയ്തിരിക്കുന്നത്. പക്ഷെ വില അല്പം കടന്നതാണ്. 64000 രൂപയ്ക്കാണ് ഇപ്പോൾ ഈ ഹെൽമെറ്റ് കിട്ടുക.
മുടി പൊഴിയുന്നോ? മുടി വളർത്തുന്ന ഹെൽമെറ്റ് റെഡി !
