തൃണവര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു സസ്യമാണെങ്കിലും നക്ഷത്ര വൃക്ഷങ്ങളുടെ ഗണത്തില്‍പ്പെടുത്തി ഒരു വൃക്ഷമായാണ് ആയുര്‍വേദം മുളയെക്കാണുന്നത്. നാട്ടില്‍ പൊതുവേ എല്ലാ ദേശങ്ങളിലും മുള വളരാറുണ്ട്. ചില മുളകളില്‍ ഒരു ദ്രാവകം നിറഞ്ഞ് അത് ക്രമേണ ഖരരൂപത്തിലാകും. അതിനു മുളങ്കര്‍പ്പൂരം എന്നു പേര്‍. വംശരോചനം, മുളവെണ്ണ, മുളനൂറ്, വംശി, തവക്ഷീരി അങ്ങനെ പല പേരുകളില്‍ മുളങ്കര്‍പ്പൂരം ദേശഭേദമനുസരിച്ച് അറിയപ്പെടുന്നു.
മുളങ്കര്‍പ്പൂരം മധുരവും, ശീതളവും മൂത്രളവുമാണ്. പിത്തഘ്നവും കഫഘ്നവുമാണ്. ഛര്‍ദ്ദി, വയറിളക്കം, ചുട്ടുനീറ്റം, കുഷ്ഠം, മഞ്ഞപ്പിത്തം, ഹൃദയസംബന്ധമായ രോഗങ്ങള്‍, രക്തസ്രുതി, ശ്വാസവൈഷമ്യം, ചുമ, ആസ്ത്മ, ക്ഷയം, വയറുവേദന, സിഫിലിസ്, ജ്വരം, നേത്രരോഗങ്ങള്‍, ക്ഷീണം തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളില്‍ മുളങ്കര്‍പ്പൂരം ഉപയുക്തമാണ്.
മുളങ്കർപ്പൂരത്തിന്റെ ഗുണങ്ങൾ
- ശുക്ലക്ഷയം, ബലക്കുറവ്, ദഹനക്കുറവ് എന്നിവയില്‍ വംശരോചനം അത്യുത്തമമാണ്.
- മുളങ്കര്‍പ്പൂരം ശതാവരിക്കിഴങ്ങിന്‍ നീരില്‍ കഴിച്ചാല്‍ അതു വാജീകരണമാണ്.
- മുളങ്കര്‍പ്പൂരം, കരിഞ്ചീരകം, ഉണക്കമുന്തിരിങ്ങ, അമുക്കുരം, ഇവ സമം പൊടിച്ചു ഒരു നുള്ളു വീതം കഞ്ഞുണ്ണിനീരില്‍ കഴിച്ചാല്‍ പനി, ചുമ, കുഷ്ഠം, കാമില, മൂത്രകൃഛ്ത്രം, വിളര്‍ച്ച എന്നിവയില്‍ അത്യുത്തമമാണ്.
- ഛര്‍ദ്ദിക്കും, അതിസാരത്തിനും, കൊളുത്തിപ്പിടുത്തത്തിനും മുളങ്കര്‍പ്പൂരം തേനിലോ നെയ്യിലോ ചാലിച്ചു കഴിച്ചാല്‍ മതി.
- ഒരു ഗ്രാം മുളങ്കര്‍പ്പൂരം മാതളപ്പഴച്ചാറില്‍ (Pomegranate Juice) കൊടുത്താല്‍ ഛര്‍ദ്ദി നില്‍ക്കും.
- ഒരു ഗ്രാം മുളങ്കര്‍പ്പൂരം കറിവേപ്പില നീരിലോ ഉലുവക്കഷായത്തിലോ നല്‍കിയാല്‍ വയറിളക്കം ശമിക്കും. പ്രമേഹത്തിനും ഫലപ്രദം.
- ഒരു ഗ്രാം മുളങ്കര്‍പ്പൂരം പുളിയിലച്ചാറിലോ മല്ലിയും ദേവതാരവും ചേര്‍ത്തുണ്ടാക്കിയ കഷായത്തിലോ നല്‍കിയാല്‍ ആര്‍ത്തവത്തകരാറുകള്‍ മാറും.
- ഒരു ഗ്രാം മുളങ്കര്‍പ്പൂരം ഗന്ധര്‍വഹസ്താദി കഷായത്തില്‍ നല്‍കിയാല്‍ ദഹനക്കുറവു മാറും.
- ഒരു ഗ്രാം മുളങ്കര്‍പ്പൂരം കുറുന്തോട്ടിക്കഷായത്തില്‍ നല്‍കിയാല്‍ ചുരുങ്ങിവലിവു (Spasm) മാറും.
- കുമ്പളങ്ങാനീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ മൂത്രകൃഛ്ത്രവും കൃഛ്ത്രവേദനയും പോകും.
- മുളയിലനീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ കുഷ്ഠം (Leprosy) ശമിക്കും.
- ചിറ്റമൃതിന്‍നീരില്‍ മുളങ്കര്‍പ്പൂരം കഴിച്ചാല്‍ പനി മാറും.
- കൂവളയിലനീരിലോ കൂവളവേര്‍ക്കഷായത്തിലോ മുളങ്കര്‍പ്പൂരം ചേര്‍ത്തുകഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും.
- മുളങ്കര്‍പ്പൂരക്കഷായം പാല്‍ ചേര്‍ത്തു കഴിച്ചാല്‍ വയറുവേദന ശമിക്കും
വീട്ടില്‍ ഒരല്‍പ്പം മുളങ്കര്‍പ്പൂരം ഉണ്ടെങ്കില്‍ എന്തൊക്കെ രോഗങ്ങളെ ശമിപ്പിക്കാം എന്ന് ഒരു ഏകദേശരൂപം കിട്ടാന്‍ ഇതു മതി. കൃതഹസ്തന്‍മാരായ വൈദ്യശ്രേഷ്ഠന്മാര്‍ അനുപാനവ്യതിയാനം കൊണ്ട് ഒട്ടനേകം രോഗങ്ങളെ ശമിപ്പിക്കുന്നതിന് മുളങ്കര്‍പ്പൂരം അനേകം രഹസ്യമുറകളില്‍ ഉപയോഗിക്കാറുണ്ട്. മേല്‍പ്പറഞ്ഞതൊക്കെ അതിനുള്ള ഉദാഹരണങ്ങള്‍ മാത്രം.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മുളങ്കര്‍പ്പൂരം വിശ്വാസ്യത ഉള്ള ഇടത്തുനിന്നു മാത്രം വാങ്ങണം. അങ്ങാടിക്കടകളില്‍ക്കിട്ടുന്ന മുളങ്കര്‍പ്പൂരം ശരിക്കും മുളങ്കര്‍പ്പൂരം തന്നെയോ എന്ന് ഉറപ്പു പറയാന്‍ പറ്റില്ല.