രാത്രിയിലെ ആഹാരം 8 മണിക്കു മുൻപ് കഴിക്കണമെന്നു പറയുന്നതിനു കാരണം അറിയാമോ?

നമ്മുടെ ഭക്ഷണശീലങ്ങളിൽ അടുത്തകാലത്തായി ഉണ്ടായിട്ടുള്ള അനാരോഗ്യ പ്രവണതകളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈകിട്ട് വളരെ വൈകി വയറ്നിറച്ച് ആഹാരം കഴിക്കുന്നരീതി. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും കാരണമാവുന്നു.അതുകൊണ്ട് വൈകിട്ടത്തെ ആഹാരം എപ്പോൾ കഴിക്കണം, എന്തു കഴിക്കണം എത്ര കഴിക്കണം എന്നിവയെപ്പറ്റി എല്ലാവരും അറിഞ്ഞിരിക്കണം. ഇതിനൊക്കെയുള്ള ഉത്തരം നമ്മുടെ പൂർവികരുതന്നെ തന്നിട്ടുണ്ട്. ‘ആറുമണിക്കത്താഴം. അരവയർ അത്താഴം അത്താഴമുണ്ടാൽ അരക്കാതം നടക്കണം.

പകൽ ജോലിചെയ്യുക, രാത്രി വിശ്രമത്തിനും ഉറക്കത്തിനും വേണ്ടി ഉപയോഗിക്കുകയെന്നതാണ് പ്രകൃതിനിയമം. വൈകിട്ട് കഴിക്കുന്ന ആഹാരം ദഹിച്ചതിനുശേഷം മാത്രം ഉറങ്ങുകയെന്നതാണ് ആരോഗ്യത്തിന് നന്ന്. അതായത് വൈകിട്ട് എട്ടുമണിക്ക് മുമ്പ് ആഹാരം കഴിക്കുന്ന ആൾ 10 മണിക്ക് ഉറങ്ങാൻ തയാറെടുക്കാം.എട്ടുമണിക്ക് കഴിക്കുന്ന ആഹാരം 2 – 21/2 മണിക്കൂർ കൊണ്ട് ദഹിച്ചുകഴിയും. മറിച്ച് രാത്രി 10 മണിക്ക് ആഹാരം വയറുനിറയെ കഴിച്ച് ഉടൻതന്നെ കിടക്കാൻ പോയാൽ നാം ഉറങ്ങുന്ന സമയത്തും ദഹനവ്യൂഹം പ്രവർത്തിച്ചു കൊണ്ടിരിക്കും അതിന് വിശ്രമം ലഭിക്കാതെ പോകും. ദഹനം ശരിക്ക് നടക്കുകയുമില്ല. മാത്രമല്ല സന്ധ്യ സമയത്തിനുശേഷം നമ്മുടെ ദഹനപ്രക്രിയ കുറയുന്നുയെന്നതും നാം മനസ്സിലാക്കിയിരിക്കണം.

നാം ഉറങ്ങുന്ന സമയത്താണ് ശരീരത്തിലെ കോടിക്കണക്കിന് കോശങ്ങൾ റിപ്പയർ ചെയ്യുന്നതും അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പുകൾ നടത്തുന്നതും. ഭക്ഷണം നേരത്തെ കഴിച്ചാൽ ശരീരത്തിന് റിപ്പയർ ജോലിക്ക് ആവശ്യമായ സമയം ലഭിക്കും ശരീരത്തിൽ കൊഴുപ്പ് കൂടുതലായി കത്തിച്ചു കളയപ്പെടുന്നു. നല്ല ഉറക്കം ലഭിക്കുന്നു.രാത്രിവൈകി വയർ നിറച്ച് ആഹാരം കഴിക്കുന്നത് നന്നല്ല. പാതിവയർ എന്നതാണ് കണക്ക്. രാവിലത്തെ ആഹാരം രാജാവ് കഴിക്കുന്നതുപോലെയും  വൈകിട്ട് യാചകനെപ്പോലെയും എന്നുമാണ് പറഞ്ഞിട്ടുള്ളത്. രാത്രി 8 മണിക്കുശേഷം ആഹാരം കഴിക്കേണ്ടിവന്നാൽ വളരെ ലഘുവായി മാത്രം കഴിക്കുകയോ അല്ലെങ്കിൽ പഴങ്ങളും സാലഡും മാത്രം കഴിക്കുകയോ ചെയ്യുക.

ഒരേ ഭക്ഷണം തന്നെ 8 മണിക്ക് കഴിക്കുന്നതും രാത്രി 10 മണിക്ക് കഴിക്കുന്നതും തമ്മിൽ ആരോഗ്യപരമായി വളരെ വ്യത്യാസം ഉണ്ട്. രാത്രിയിൽ പ്രത്യേകിച്ച് ഉറങ്ങുമ്പോൾ ശരീരത്തിന് ഊർജ്ജാവശ്യങ്ങൾ കുറവായതിനാലാണ് ലഘുഭക്ഷണം നിർദ്ദേശിക്കുന്നത്. രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വയറുനിറച്ച് കൊഴുപ്പും മധുരവും കൂടുതലായി കഴിച്ചാൽ കരളിൽ കൊളസ്ട്രോൾ കൂടുതലായി ഉണ്ടാവുകയും ഫാറ്റിലിവറിനും അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാവുകയും ചെയ്യുന്നു.

മലയാളികളിൽ പലരും പ്രത്യേകിച്ച് സ്ത്രീകൾ ഉച്ചയ്ക്ക് ചോറുണ്ണുന്നതുകൂടാതെ വൈകിട്ടും അതുതന്നെ കഴിക്കുന്നവരാണ്. സംസ്കരിച്ച അരിയുടെ (ചാക്കരി, പച്ചരി, സാധാരണ കുത്തരി) ചോറോ, പലഹാരങ്ങളും ആണ് മിക്കവരുടെയും ഇഷ്ടഭോജനം. ഇത് ശരീരത്തിന് അന്നജം മാത്രമേ നൽകൂ. മറ്റ് പോഷകങ്ങൾ ഒന്നും നൽകില്ല. അതുകൊണ്ട് ചോറ് ഒഴിവാക്കി മറ്റു ധാന്യങ്ങൾ പ്രത്യേകിച്ച് തവിടോടു കൂടിയവയോ മുഴു ധാന്യങ്ങളോ ആവാം. പച്ചക്കറികളും പഴങ്ങളും തീർച്ചയായും ഉൾപ്പെടുത്തണം.

രാത്രി എട്ടുമണിയോടുകൂടി വൈകിട്ടത്തെ ആഹാരം ലഘുവായി കഴിച്ച് പത്തുമണിയോടുകൂടി കിടക്കാൻ പോവുന്നതിന് മുമ്പ് വീടിന് മുറ്റത്തു കൂടിയോ, ടെറസ്സിലൂടെയോ അഞ്ചുമിനിറ്റ് ഉലാത്തുക. മനസിനുകുളിർമ നൽകുന്ന എന്തെങ്കിലും ആസ്വദിക്കുക. പൂർണചന്ദ്രനെയോ നക്ഷത്ര സമൂഹങ്ങളെയോ പൂന്തോട്ടത്തിലെ പൂവിനേയോ ഒക്കെ ആസ്വദിക്കുക.ഉറങ്ങാൻ പോകുന്നതിന് പത്ത് മിനിറ്റെങ്കിലും ടിവി, കംപ്യൂട്ടർ, മറ്റ് ജോലികൾ എല്ലാം ഒഴിവാക്കണം. എങ്കിലേ സുഖനിദ്ര ലഭിക്കൂ, അരക്കാതം നടന്നു കഴിയുമ്പോൾ ശരീരത്തിൽ ഊർജ്ജം ചിലവാക്കുന്ന പ്രക്രിയ സ്വിച്ച് ഓൺ ആകുകയും നാം കിടക്കുന്ന സമയത്തും കൂടുതൽ  ഊർജ്ജം ചിലവായികൊണ്ടിരിക്കുകയും  ചെയ്യും. ഇത് ശരീരഭാരനിയന്ത്രണത്തിനു സഹായിക്കും