രാത്രി 1 മണിക്ക് മുഖ്യമന്ത്രിയെ വിളിച്ചു.. സഹായം ഉടൻ എത്തി.. സഖാവിന് സല്യൂട്ട്

ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശിയായ ആതിരയടങ്ങുന്ന 14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തില്‍ പുറപ്പെട്ടത്.

എന്നാല്‍ പാതിരാത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡ്രൈവര്‍ കാലുമാറി. ഇവരെ തോല്‍പ്പെട്ടിയില്‍ ഇറക്കിവിട്ടു. അര്‍ധരാത്രിയില്‍ കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ 13 പെണ്‍കുട്ടികളടങ്ങുന്ന സംഘത്തിന് തങ്ങള്‍ പെരുവഴിയിലാകുമോയെന്ന പേടി ഉള്ളില്‍ നിറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാതെ പലരെയും വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചെങ്കിലും ആരും ഫോണെടുത്തില്ല.

ഒടുവില്‍ പെണ്‍സംഘം സഹായം തേടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ വിളിച്ചു. രാത്രിയില്‍ വിളിച്ചാല്‍ തങ്ങളെ ശകാരിക്കുമോയെന്ന ഭയം പെണ്‍കുട്ടികളിലുണ്ടായിരുന്നു. എന്നാല്‍ മറ്റുവഴികളൊന്നുമില്ലാത്തതിനാല്‍ ശകാരം കേട്ടാലും കുഴപ്പമില്ലെന്ന് ഉറച്ച് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയുടെ ഫോണിലേക്ക് വിളിച്ചു. രണ്ടാമത്തെ റിങ്ങില്‍ തന്നെ മുഖ്യമന്ത്രി ഫോണെടുത്തു. ചെറിയ പേടിയോടെയാണെങ്കിലും തങ്ങള്‍ ഒറ്റപ്പെട്ടുപോയ വിവരം അവര്‍ അദ്ദേഹത്തെ അറിയിച്ചു.

തോല്‍പ്പെട്ടി ഭാഗത്ത് തങ്ങളെ ഇറക്കിവിട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു. പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ലെന്നും മറ്റൊരു മാര്‍ഗവുമില്ലെന്നായപ്പോഴാണ് മുഖ്യമന്ത്രിയെ വിളിച്ച് സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലര്‍ പറഞ്ഞതെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടില്‍ എം.ആര്‍. ആതിര പറയുന്നു.

ഒടുവില്‍ ഭയന്നുകൊണ്ട് ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയത്. ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാന്‍ പറഞ്ഞു. ആവശ്യമായ നിര്‍ദേശം നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈല്‍ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു.

വളരെയേറെ കരുതലോടെയായിരുന്നു പിണറായിയുടെ ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരം നിര്‍ദേശിച്ചു. ആ രാത്രിയില്‍ മുഖ്യമന്ത്രി പകര്‍ന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെ ആതിര പറയുന്നു.

എസ്.പി.യെയാണ് ആദ്യം കിട്ടിയത്. തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനല്‍കി. തോല്‍പ്പെട്ടിയില്‍ വാഹനം ഇറങ്ങിയ ഉടന്‍ കൈകഴുകി, ശേഷം പനിയുണ്ടോ എന്ന് പരിശോധിച്ചു.

20 മിനിറ്റ് നേരം അവിടെ കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. പാതിരാത്രി മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ സഹായം ലഭിക്കുമോയെന്ന ഭയം ഉണ്ടിയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ആതിര പറയുന്നു.

ഏതുസമയത്തും നമുക്ക് കരുത്തായി സര്‍ക്കാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകള്‍ വെറുംവാക്കല്ലെന്ന് തീര്‍ത്തും വ്യക്തമായെന്നും ആശ്വാസത്തോടെ ആതിര പറയുന്നു.