കോവിഡ്-19 പകരുന്നതിനെതിരായ പ്രതിരോധം റേഷന്‍ കടകളിലൂടെയും. ഇ-പോസ് മെഷീനിലെ സ്‌പര്‍ശനം സുരക്ഷിതമല്ലാത്തതിനാല്‍ വിരലടയാളം പതിപ്പിക്കുന്നതു വേണ്ടെന്നു വയ്‌ക്കുകയാണ്. പകരം, റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) എത്തും. അതു നല്‍കിയാല്‍ മതിയാകും.റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ റേഷന് അര്‍ഹരായവരുടെ പേരു തെളിയും. രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പിയെത്തും. ഇന്നലെ ഉച്ചയ്‌ക്കാണു ഭക്ഷ്യപൊതുവിതരണ വകുപ്പ് പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തിയത്. വിവരം അറിയാതിരുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതിരുന്ന പലര്‍ക്കും ഇന്നലെ റേഷന്‍ വാങ്ങാന്‍ കഴിഞ്ഞില്ല. പുതിയ സമ്പ്രദായം എന്നുവരെയെന്നു വ്യക്‌തമാക്കിയിട്ടില്ല.
പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളുമുള്ള സമയങ്ങളില്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്കു റേഷന്‍ കടകളില്‍ എത്താനായെന്നു വരില്ല. അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും മൊബൈല്‍ ഫോണുമായി എത്തിയാല്‍ റേഷന്‍ വാങ്ങാമെന്ന സൗകര്യമുണ്ട്. ഓരോ മാസത്തെയും റേഷന്‍ സാധനങ്ങളുടെ വിവരങ്ങള്‍ ഇപ്പോള്‍ മൊബൈല്‍ ഫോണിലേക്കു സന്ദേശമായി എത്താറുണ്ട്. റേഷന്‍ കാര്‍ഡ് നഷ്‌ടപ്പെട്ടവര്‍ക്കു കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു മാവേലി സ്‌റ്റോറുകളില്‍നിന്നു സാധനങ്ങള്‍ വാങ്ങാനും കഴിയും